ആ അന്യഭാഷാ നടന് കിട്ടിയതിന്റെ മൂന്നിരട്ടി കയ്യടിയാണ് അന്ന് ഫഹദ് നേടിയത്, രോമാഞ്ചം തോന്നി: വിനീത് ശ്രീനിവാസൻ
Entertainment
ആ അന്യഭാഷാ നടന് കിട്ടിയതിന്റെ മൂന്നിരട്ടി കയ്യടിയാണ് അന്ന് ഫഹദ് നേടിയത്, രോമാഞ്ചം തോന്നി: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th December 2024, 8:56 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2.

ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിൽ സ്വന്തമാക്കിയ പുഷ്പ സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ നേടുന്നത്. ഭൻവർ സിങ് ശെഖാവത്ത് എന്ന വില്ലൻ കഥാപാത്രമായി ഒന്നാംഭാഗത്ത് വന്ന് കയ്യടി നേടിയ നടനാണ് ഫഹദ് ഫാസിൽ. രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ ഫഹദ് അഭിനയിച്ചിട്ടുണ്ട്.

പുഷ്പയുടെ ഒന്നാംഭാഗം തിയേറ്ററിൽ കണ്ട അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പുഷ്പ താൻ തമിഴ് നാട്ടിൽ വെച്ചാണ് കണ്ടതെന്നും അവിടെ അല്ലു അർജുന് കിട്ടിയ കയ്യടിയുടെ ഇരട്ടിയാണ് ഫഹദിന് കിട്ടിയതെന്നും വിനീത് പറഞ്ഞു. കാര്യം പറഞ്ഞപ്പോൾ ഫഹദ് ചിരിക്കുകയാണ് ചെയ്തതെന്നും വിനീത് പറഞ്ഞു.

‘നല്ല രോമാഞ്ചം തോന്നിയ ഒരു നിമിഷം ഉണ്ടായിരുന്നു. ചെന്നൈയിൽ പെരുംകുടിയിൽ സിനി പോളിസ് എന്നൊരു തിയേറ്ററുണ്ട്. അവിടെ വെച്ചാണ് പുഷ്പ കണ്ടത്. പുഷ്പ റിലീസിന്റെ ദിവസം കാണുകയാണ്. അല്ലു അർജുൻ സിനിമയിൽ വരുമ്പോൾ ഒരു കയ്യടിയൊക്കെ ഉണ്ട്. പിന്നെ സിനിമ ഇങ്ങനെ മുന്നോട്ട് പോവുകയാണ്.

അങ്ങനെ മുന്നോട്ടുപോയി ക്ലൈമാക്സിനോട് അടുക്കുമ്പോഴാണല്ലോ ഷാനുവിനെ കാണിക്കുന്നത്. ഷാനുവിനെ കാണിക്കുമ്പോൾ തിയേറ്റർ അങ്ങ് ഇളകി മറിയുകയായിരുന്നു. ഞാൻ കരുതിയത് അല്ലു അർജുനായിരിക്കും കയ്യടി കൂടുതലുണ്ടാവുകയെന്നാണ്. തെലുങ്കിൽ ആണെങ്കിൽ തീർച്ചയായും അങ്ങനെയായിരിക്കും.

പക്ഷെ ഞാൻ തമിഴ്നാട്ടിൽ നിന്നാണ് കാണുന്നത്. അവിടെ ഫഹദിനെ കാണിച്ചപ്പോൾ അല്ലു അർജുന് ഉണ്ടായിരുന്ന കയ്യടിയുടെ ഡബിൾ ട്രിബിളായിരുന്നു. എനിക്കത് കണ്ടപ്പോൾ എന്റെ സുഹൃത്ത് എന്ന ഫീലായിരുന്നു. ഷോ കഴിഞ്ഞ ഉടനെ ഞാൻ ഷാനുവിനെ വിളിച്ചിട്ട് കാര്യം പറഞ്ഞു. ഷാനു അതങ്ങ് ചിരിച്ചുവിട്ടു,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan About Fahad’s Character In Pushpa