എമ്പുരാൻ സിനിമ ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതേസമയം തന്നെ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സിനിമ ആരംഭിച്ചത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചു കൊണ്ടായിരുന്നു. സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനില്‍ ഉണ്ടായിരുന്നു. ഇതോടെയാണ് വ്യാപക സൈബർ ആക്രമണം നേരിട്ടത്.
ഗുജറാത്ത് കലാപത്തെ കുറിച്ച് പറഞ്ഞ വസ്തുതകള്‍ ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിക്കുകയായിരുന്നു.. അത്തരത്തിലുള്ള ചർച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ സിനിമയുടെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്.
സിനിമ പലവിധത്തിലുള്ള ചർച്ചകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ എത്രത്തോളം വരുമെന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റില്ലെന്നും സുജിത്ത് പറയുന്നു. ഒരു സിനിമ ചെയ്യുമ്പോൾ അത്തരം കാര്യങ്ങൾ മാറ്റി വെച്ച് സിനിമ ചെയ്യാൻ പറ്റില്ലെന്നും എല്ലാവർക്കും ഓരോ പൊളിറ്റിക്കൽ വിഷനുണ്ടാകുമെന്നും അത് പറയാൻ പറ്റിയ മീഡിയയാണ് സിനിമയെന്നും സുജിത്ത് പറയുന്നു.
സിനിമയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തിയിട്ട് ഒരു മൂവിയും ചെയ്യാൻ പറ്റുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സുജിത്ത് പറയുന്നു. ഇത്തരം കാര്യങ്ങൾ മാത്രമേ പറയാവൂ എന്ന് നിയന്ത്രിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും പറയേണ്ട കാര്യങ്ങൾ ഉറപ്പായിട്ടും പറയണമെന്നും സുജിത്ത് പറയുന്നു. എങ്ങനെ എടുക്കണമെന്നുള്ളത് ആളുകളുടെ കാഴ്ചപ്പാണെന്നും സുജിത്ത് കൂട്ടിച്ചേർത്തു.
കൗമുദി ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ പലവിധത്തിലുള്ള ചർച്ചകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് നമുക്കറിയാം. പക്ഷെ അത് എത്രത്തോളം വരും എന്ന് ഒരിക്കലും പ്രെഡിക്ട് ചെയ്യാൻ പറ്റില്ല. നമ്മളൊരു സിനിമ പറയുമ്പോൾ അത്തരം കാര്യങ്ങൾ മാറ്റി വെച്ചിട്ട് ഒരു സിനിമയും പറയാൻ പറ്റില്ല. പലർക്കും പല പൊളിറ്റിക്കൽ ആശയങ്ങൾ ഉണ്ടാകും. ഇന്ത്യ എങ്ങനെയായിരിക്കണം കേരളം എങ്ങനെയായിരിക്കണം അടുത്ത ഒരു പൊളിറ്റിക്കൽ തലം എങ്ങനെയായിരിക്കണം എന്നൊക്കെ വിഷൻ ഉണ്ടാകും.
ആ വിഷൻ പറയാൻ പറ്റുന്ന മീഡിയയാണ് ശരിക്കും പറഞ്ഞാൽ സിനിമ. അതിനകത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും എന്നത് സ്വാഭാവികമാണ്. ചിലർക്ക് ഇഷ്ടപ്പെടും, ചിലർക്ക് ഇഷ്ടപ്പെടില്ല. എമ്പുരാൻ സിനിമ പറയുന്നത് തന്നെ ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്, ഇഷ്ടപ്പെടാത്തവരുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തിയിട്ട് ഒരു മൂവിയും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇത്തരം കാര്യങ്ങൾ മാത്രമേ പറയാവൂ എന്ന് നിയന്ത്രിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. പറയേണ്ട കാര്യങ്ങൾ ഉറപ്പായിട്ടും പറയണം. എങ്ങനെ എടുക്കുമെന്നുള്ളത് ആളുകളുടെ കാഴ്ചപ്പാടാണ്’ സുജിത്ത് പറയുന്നു.
Content Highlight: Sujith Vasudev Talking About Controversy on Empuraan