ലാലേട്ടന്റെ ആ ചിത്രത്തിന് നമ്മൾ കാണാത്ത ഒരുപാട് തലങ്ങൾ ഉണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്
Entertainment
ലാലേട്ടന്റെ ആ ചിത്രത്തിന് നമ്മൾ കാണാത്ത ഒരുപാട് തലങ്ങൾ ഉണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th February 2024, 8:17 am

ടി.കെ.രാജീവ്‌ കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് പവിത്രം.

ഒരു സഹോദരന് അനിയത്തിയോടുള്ള സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം മോഹൻലാലിന്റെ പ്രകടനം കൊണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിൽ മീനാക്ഷിയെന്ന അനിയത്തിയുടെ കഥാപാത്രം അവതരിപ്പിച്ചത് നടി വിന്ദുജ മേനോനാണ്. ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് പറയുകയാണ് വിന്ദുജ.

ചിത്രത്തിൽ തന്നെ അത്ഭുതപ്പെടുത്തിയ ഒരുപാട് സീനുകൾ ഉണ്ടെന്നും അതിൽ ഒരു സീനിൽ താൻ ഇല്ലെന്നും വിന്ദുജ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരു ആക്ടർ എന്ന നിലയിൽ ചേട്ടച്ചൻ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് സീനുകളുണ്ട്. അതിൽ ലാലേട്ടൻ കോളേജിലേക്ക് വരുന്ന ഒരു സീനുണ്ട്. കള്ള് കുടിച്ച് കൂട്ടുകാരോടൊപ്പം നിൽക്കുന്ന മീനാക്ഷിയെ കൂട്ടി വീട്ടിലേക്ക് വരുന്ന സീൻ വളരെ പ്രധാനപ്പെട്ടതാണ്. അതിനേക്കാൾ ഞാൻ ഇഷ്ടപെടുന്ന മറ്റൊരു സീനുണ്ട്. ചേട്ടച്ചനും ശോഭന ചേച്ചിയും കൂടെയുള്ള ഒരു സീനാണത്.

ആ സീനിൽ അച്ഛനെ വിട്ടിട്ട് എനിക്ക് വരാൻ കഴിയില്ലെന്ന് ശോഭന ചേച്ചി പറയുമ്പോൾ അച്ഛനും മീനാക്ഷിയും നമുക്കിടയിൽ എന്നുമുണ്ട് എന്ന് പറയും.

അന്നെനിക്ക് റിലേഷൻഷിപ്പിനെ കുറിച്ചൊന്നും മനസിലാക്കാനുള്ള മെച്ചുരിറ്റിയില്ല. ഇപ്പോഴും പവിത്രം വരുമ്പോൾ ആ സീൻ കാണുമ്പോൾ എനിക്ക് വല്ലാതെ കണക്റ്റഡാവും. അവർ ഒരു കല്യാണം കഴിക്കാതെ, ഒരു മകളെ പോലെ മീനാക്ഷിയെ നോക്കി ജീവിച്ചയാളാണ് ചേട്ടച്ചൻ.

നമ്മൾ കാണാത്ത ഒരുപാട് തലങ്ങൾ ഉള്ള ചിത്രമാണ് പവിത്രം. അതുകൊണ്ടാണ് ഞാൻ പറയുന്നത് പവിത്രം ഒരിക്കലും ഔട്ട്‌ഡേറ്റഡാവില്ലായെന്ന്,’വിന്ദുജ മേനോൻ

Content Highlight: Vindhuja Menon Talk About A Scene Of Shobhana And Mohanlal In Pavithram