ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന മഹനീയ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനല്ല: ജൂറി മെമ്പർ നേമം പുഷ്പരാജ്
Entertainment
ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന മഹനീയ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനല്ല: ജൂറി മെമ്പർ നേമം പുഷ്പരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st July 2023, 9:07 pm

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന ആരോപണത്തിൽ വീണ്ടും നിർണായക തെളിവുകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാർഡിന്റെ മെയിൻ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന ശ്രീ നേമം പുഷ്പരാജിൻെറ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന മഹനീയ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനല്ലെന്ന് നേമം പുഷ്പരാജ് പറഞ്ഞു. അത്തരം പൊസിഷൻ കൈകാര്യം ചെയ്യേണ്ടവർ നീതിമാൻ ആയിരിക്കണമെന്നും താൻ ചെയർമാൻ ആയിരുന്ന പ്രൈമറി ജൂറിയിലെ നാല് അംഗങ്ങളും കൂടി ഐകകണ്ഠേന തെരഞ്ഞെടുത്താണ് ചിത്രത്തെ ഫൈനൽ കമ്മിറ്റിയിലേക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു. നേമം പുഷ്പരാജ് മാധ്യമ പ്രവർത്തകനോട് സംസാരിക്കുന്ന ശബ്ദ രേഖ, വിനയൻ തന്റെ ഫേസ്ബുക്ക് ഹാൻഡിലിലൂടെ പങ്കുവെക്കുകയായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്ന തന്റെ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് പറഞ്ഞതെന്ന് വിനയൻ ശബ്ദ രേഖയോടൊപ്പം കുറിച്ചു.

നേമം പുഷ്പരാജ് ശബ്ദരേഖയിൽ പറയുന്നത്‌ കൂടാതെ അവാർഡ് നിർണയത്തിൽ നടന്ന പല ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ വിശദമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജിത്ത് ഇനിയും ചെയർമാൻ പദവിയിൽ ഇരിക്കാൻ യോഗ്യനാണോയെന്നും സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ എന്നും വിനയൻ പോസ്റ്റിലൂടെ ചോദിച്ചു.

അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡു നിർണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നെന്നും വിനയൻ പറഞ്ഞു. ഇത്ര ധാർഷ്ട്യം തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാർഡു നിർണ്ണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ ശ്രീ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ലെന്ന് വിനയൻ ചൂണ്ടിക്കാട്ടി.

ഇഷ്ടക്കാർക്ക് അവാഡ് വീതം വച്ച രഞ്ജിത്തിൻെറ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന ഒരു വലിയ കൂട്ടം കലാകാരന്മാരോടുചെയ്യുന്ന ചതിയാണെന്നും വിനയൻ പറഞ്ഞു.

അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ ആർട്ട് ഡയറക്ഷൻ മോശമാണെന്ന് ഭൂരിഭാഗം ജൂറി മെമ്പർമാർ പറഞ്ഞെന്നും തനിക്ക് അതിനോട് യോജിക്കേണ്ടി വന്നെന്നും ജൂറി മെമ്പർ നേമം പുഷ്പരാജ് പറഞ്ഞു. അംഗങ്ങൾ മുൻകൂട്ടി തീരുമാനിച്ചാണ് ഇരുപതാം നൂറ്റാണ്ടിനെ തിരസ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജൂറി അംഗത്തോട് തന്റെ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കാമായിരുന്നെന്നും അവാര്‍ഡ് നിര്‍ണയം നടക്കുന്ന വേളയില്‍ രഞ്ജിത്ത് പറഞ്ഞെന്നും സംഗീതത്തിനും ഡബ്ബിങ്ങിനുമായി മൂന്ന് അവാര്‍ഡ് ചിത്രത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അറിഞ്ഞപ്പോള്‍ രഞ്ജിത്ത് കലിപൂണ്ടു വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
കൃത്യമായ തെളിവുകള്‍ കൈയ്യില്‍ വച്ചുകൊണ്ടാണ് താനിതെഴുതുന്നതെന്നും വേണ്ടി വന്നാല്‍ അത് എല്ലാ മാധ്യമങ്ങൾക്കും കൊടുക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Vinayan’s allegation against Renjith