കൊച്ചി: കായംകുളം കൊച്ചുണ്ണി, ആറാട്ടുപുഴ വേലായുധ പണിക്കര്‍, നങ്ങേലി തുടങ്ങി നിരവധി ചരിത്ര കഥാപാത്രങ്ങളെ ഒരുമിച്ച് ഒരു സിനിമയില്‍ കൊണ്ടുവരാനൊരുങ്ങി സംവിധായകന്‍ വിനയന്‍. തന്റെ സ്വപ്‌ന സിനിമയാണ് ഇതെന്നും കൊവിഡ് ഭീതി ഒഴിയുന്ന ഘട്ടത്തില്‍ ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.
വര്‍ഷങ്ങളായുള്ള ചര്‍ച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങള്‍ക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ഇവിടെ അറിയിക്കട്ടെ.
ആ പഴയ കാലഘട്ടം പുനര്‍ നിര്‍മ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരന്‍മാരേയും, ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിര്‍മ്മാണച്ചെലവു വരുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്റെ കാഠിന്യം കുറയുന്നെങ്കില്‍ ഈ ഡിസംബര്‍ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.
ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹന്‍ ലാലും ഈ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളില്‍ കണ്ടാല്‍ മാത്രമേ അതിന്റെ പൂര്‍ണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോള്‍ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹചര്യം അടുത്ത വര്‍ഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാന്‍. നിങ്ങളേവരുടെയും അനുഗ്രഹാശിസുകള്‍ ഉണ്ടാകണം.
വിനയന്‍
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക