ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം തുടങ്ങി ഇന്ന് മലയാളത്തിലെ താരമൂല്യമുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് വിനായകന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയതിന് ശേഷം ഹാസ്യ താരമായും പിന്നീട് വില്ലനായും നായകനായുമെല്ലാം വിനായകന്‍ സിനിമയില്‍ തിളങ്ങി.
ഇപ്പോള്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്നിലെ നടന്റെ കലാമൂല്യവും അദ്ദേഹം ഉയര്‍ത്തിയിരിക്കുകയാണ്. മാര്‍ച്ച് 11ന് റിലീസ് ചെയ്ത പടയിലെ തന്റെ പ്രകടനത്തിലൂടെയും അദ്ദേഹം വീണ്ടും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
താനിപ്പോള്‍ എന്തുകൊണ്ടാണ് വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതെന്ന് പറയുകയാണ് വിനായകന്‍. ഒപ്പം മിക്കവാറും സമൂഹമാധ്യമങ്ങളില്‍ ക്യാപ്ഷനില്ലാതെ ഇടുന്ന പോസ്റ്റുകളെ പറ്റിയും വിനായകന്‍ സംസാരിച്ചു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘രണ്ട് മൂന്ന് പടങ്ങള്‍ കഴിയുമ്പോള്‍ തന്നെ എനിക്ക് തന്നെ ബോറടിക്കും. അതുകൊണ്ട് ഒരു കൊല്ലം ഇത്ര പടം ചെയ്യാം എന്ന് വിചാരിച്ചു. പട പോലെയുള്ള സിനിമകള്‍ വരുമെന്ന് എനിക്ക് അറിയാം. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഒറിജിനലായിരിക്കുന്ന പടങ്ങളാണ് ഇഷ്ടം. പാട്ട് പാടുക, ഡാന്‍സ് ചെയ്യുക അതൊന്നും എനിക്ക് വയ്യ,’ വിനായകന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ ക്യാപഷനില്ലാത്ത പോസ്റ്റുകളെ കുറിച്ച് വിനായകന്റെ പ്രതികരണമിങ്ങനെ.
‘അത് എന്റെ പൊളിറ്റിക്‌സാണ്. പിന്നീടൊരു വേദിയില്‍ ഒരു എപ്പിസോഡ് തന്നെ ചര്‍ച്ച ചെയ്യാം. ആളുകള്‍ ചിന്തിക്കട്ടെ. എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടു എന്ന് ചിന്തിക്കട്ടെ,’ വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മികച്ച അഭിപ്രായങ്ങളാണ് പടക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1996ല്‍ ആദിവാസി ഭൂനിയമത്തില്‍ ഭേദഗതി വരുത്തിയ കേരള സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ പ്ലോട്ട്.
കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളി പടയിലെ നാല് അംഗങ്ങളായ കല്ലാര്‍ ബാലു, രാകേഷ് കാഞ്ഞങ്ങാട്, നാരായണന്‍ കുട്ടി, അരവിന്ദന്‍ മണ്ണൂര്‍ എന്നിവരെ അവതരിപ്പിച്ചത് വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ്.
Content Highlight: vinayakan about his facebokk post without caption