ആ മമ്മൂട്ടി ചിത്രത്തിലെ പാട്ടിന് ശേഷം 'ആദരാഞ്ജലി നേരട്ടെ' എഴുതുമ്പോള്‍ നെഗറ്റീവ് കമന്റുകളെ പേടിച്ചു: വിനായക് ശശികുമാര്‍
Entertainment
ആ മമ്മൂട്ടി ചിത്രത്തിലെ പാട്ടിന് ശേഷം 'ആദരാഞ്ജലി നേരട്ടെ' എഴുതുമ്പോള്‍ നെഗറ്റീവ് കമന്റുകളെ പേടിച്ചു: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th April 2024, 5:15 pm

വിഷു റിലീസായി എത്തി മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമായി മാറിയ സിനിമയാണ് ആവേശം. ചിത്രം വെറും 12 ദിവസം കൊണ്ടായിരുന്നു ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കിയത്. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആവേശം.

ചിത്രത്തില്‍ ഏറെ വൈറലായ പാട്ടായിരുന്നു ‘ഇല്ലുമിനാറ്റി’. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടിന് വിനായക് ശശികുമാറായിരുന്നു വരികള്‍ എഴുതിയത്. വിനായക് തന്നെയായിരുന്നു രോമാഞ്ചം സിനിമയിലെ ഹിറ്റ് ഗാനങ്ങളായ ആദരാഞ്ജലി നേരട്ടെ, ആത്മാവേ പോ എന്നീ ഗാനങ്ങളും എഴുതിയത്.

സുഷിന്‍ ശ്യാം സംഗീതമൊരുക്കിയ ഈ പാട്ടുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ ഹിറ്റ് പാട്ടായ ‘രതിപുഷ്പ’ത്തിനും വരികള്‍ ഒരുക്കിയത് വിനായക് ശശികുമാര്‍ തന്നെയായിരുന്നു.

താന്‍ രോമാഞ്ചത്തിനായി ആദരാഞ്ജലി നേരട്ടെ എന്ന പാട്ട് എഴുതുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ഉണ്ടാകുമോ എന്ന ഭയമുണ്ടായിരുന്നു എന്ന് പറയുകയാണ് വിനായക്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദരാഞ്ജലി എന്ന വാക്ക് ആ പാട്ടില്‍ പ്ലേസ് ചെയ്യുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ഉണ്ടാകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. കാരണം അതിന് മുമ്പായിരുന്നു ‘രതിപുഷ്പം’ പാട്ട് ഇറങ്ങിയത്. ഒരു തവണ ഞാന്‍ ഒരു വീട്ടില്‍ പോയപ്പോള്‍ അവിടെ കോടതി ജഡ്ജിയായിരുന്നു ഉണ്ടായിരുന്നത്.

അദ്ദേഹത്തോട് ഞാന്‍ പാട്ട് എഴുതുന്ന ആളാണെന്ന് ആരോ പറഞ്ഞിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ഒന്ന് അടിമുടി നോക്കി. പിന്നെ ‘ഇയാളാണോ രതിപുഷ്പം എഴുതിയത്’ എന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് മറുപടി നല്‍കി. ‘എന്റെ മകനും മകള്‍ക്കും ഒക്കെ ഇഷ്ടമാണ്’ എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി. അന്ന് എനിക്ക് അദ്ദേഹം ഞാന്‍ മകനെയും മകളെയും വഴി തെറ്റിച്ചു എന്നാണോ ഉദ്ദേശിച്ചത് എന്ന സംശയമായി.

ആദരാഞ്ജലി എഴുതുമ്പോള്‍ അത് ഞാന്‍ ഓര്‍ത്തു. ഓരോ പാട്ടുകളും ഓരോരുത്തര്‍ക്കായി ഉള്ളതാണ്. ഇഷ്ടപെട്ടില്ലെങ്കില്‍ വിട്ടേക്കുക എന്നാണ് പറയാനുള്ളത്. ഇലുമിനാറ്റി എന്ന് പറയുമ്പോള്‍ ആളുകള്‍ ചിരിയാണ്. ഒറിജിനല്‍ ഇലുമിനാറ്റിക്കാര് പുറകെ വരുമോ എന്നാണ് എന്റെ പേടി,’ വിനായക് ശശികുമാര്‍ പറഞ്ഞു.


Content Highlight: Vinayak Sasikumar Talks About Aadharanjali Song