Kerala News
ആശ വര്‍ക്കര്‍മാരുടെ സമരം; കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക്‌ വീണ ജോര്‍ജിന് അനുമതി ലഭിച്ചില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Thursday, 20th March 2025, 5:34 pm

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് അനുമതി ലഭിച്ചില്ല. തന്റെ ഓഫീസ് മുഖേന കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ചോദിച്ചിരുന്നെന്ന് പറഞ്ഞ വീണ ജോര്‍ജ് ഇനി അനുമതി ലഭിക്കുന്ന പക്ഷം ദല്‍ഹിയിലേക്ക് വീണ്ടും വരുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് എഴുതിയ കത്തും മന്ത്രി പുറത്ത് വിട്ടിട്ടുണ്ട്.

മന്ത്രി പുറത്തുവിട്ട കത്തില്‍ മുഖ്യ അജണ്ടയായി മുന്നോട്ട് വെച്ചത് ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധനവ് ആണ്.

‘ഞാന്‍ അപ്പോയിന്‍മെന്റിനായി എന്റെ ഓഫീസ് വഴിയും റസിഡന്‍സ് കമ്മീഷണര്‍ വഴിയും കത്ത് കൊടുത്തിരുന്നു. ഇന്ന് (വെള്ളിയാഴ്ച്ച) കൂടിക്കാഴ്ച്ച ലഭിക്കണം എന്ന തരത്തിലായിരുന്നു കത്ത് നല്‍കിയത്. അദ്ദേഹത്തിന് ഇന്ന് തിരക്ക് ആയതിനാലാവാം. അടുത്ത ദിവസം അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റ് ലഭിക്കുന്നപക്ഷം വീണ്ടും വരും,’ വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം ക്യൂബന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ദല്‍ഹിയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ ആശ വര്‍ക്കര്‍മാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ആശമാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇന്‍സെന്റീവ് കൂട്ടില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ലെന്ന് പറഞ്ഞ മന്ത്രി ഇന്‍സെന്റീവ് വര്‍ധനക്കായി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പറഞ്ഞിരുന്നു.

ആശാ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം നല്‍കുന്നത് സംസ്ഥാനമാണെന്നും ഇന്‍സെന്റീവ് നല്‍കുന്നത് സംസ്ഥാനവും കേന്ദ്രവും ചേര്‍ന്നാണെന്നും മന്ത്രി ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 7000 രൂപയാണ് സംസ്ഥാനം ഓണറേറിയമായി ആശമാര്‍ക്ക് നല്‍കുന്നത്. ഫിക്സഡ് ഇന്‍സെന്റീവായി 3000 രൂപയുമാണെന്നും മന്ത്രി പറഞ്ഞു.

ഇതില്‍ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നല്‍കുന്നത്. ഇതിനുപുറമെ ഓരോ സേവനങ്ങള്‍ക്കും നല്‍കുന്ന ഇന്‍സെന്റീവ്, ഉദാഹരണമായി പോളിയോ വാക്സീന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ അത് എന്റര്‍ ചെയ്താല്‍ ഒരു ആശയ്ക്ക് ലഭിക്കുന്നത് 75 രൂപയാണെന്നും മന്ത്രി പറഞ്ഞു.

ഇതും 60 ശതമാനം, 40 ശതമാനം എന്ന കണക്കില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നാണ് നല്‍കുന്നത്. 2006ലാണ് കേന്ദ്ര സര്‍ക്കാര്‍ ആശമാര്‍ക്ക് ഇന്‍സെന്റീവ് പ്രഖാപിക്കുന്നത്. എന്നാല്‍ അന്ന് നിശ്ചയിച്ച തുകയില്‍ കേന്ദ്രം ഇതുവരെ ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: ASHA workers’ strike; Veena George, who was supposed to meet the Union Health Minister, didn’t get permission