national news
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയുടെ ജാമ്യഹരജിയില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം എന്നെഴുതിയ അഭിഭാഷകനെതിരെ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Thursday, 20th March 2025, 4:49 pm

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യഹരജിയില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം എന്നെഴുതിയ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹരജി വായിച്ചതിനുശേഷം തങ്ങള്‍ക്ക് മാനസികമായി അസ്വസ്ഥത തോന്നിയെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ശരിക്കും അഭിഭാഷകന് നിയമം അറിയില്ലേയെന്നും ചോദിച്ചു. ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ്ങിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം.

ഇന്ത്യയിലെ നിയമപ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാതെ നടക്കുന്ന ലൈംഗിക ബന്ധങ്ങള്‍ പോക്‌സോ വകുപ്പിന് കീഴിലാണ് ഉള്‍പ്പെടുക.

‘എസ്.എല്‍.പിയില്‍ (സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍) കുറഞ്ഞത് 20 തവണയെങ്കിലും നിങ്ങള്‍ സമ്മതപ്രകാരമുള്ള ബന്ധം എന്ന് എഴുതിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രായം എത്രയാണ്? അവള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് നിങ്ങള്‍ തന്നെ ഹരജിയില്‍ പറയുന്നുണ്ട്. സമ്മതപ്രകാരമുള്ള ബന്ധം കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? നിയമത്തിന്റെ എ.ബി.സി.ഡി നിങ്ങള്‍ക്ക് അറിയില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ എസ്.എല്‍.പി ഫയല്‍ ചെയ്യുന്നത്,’ കോടതി അഭിഭാഷകനോട് ചോദിച്ചു.

അതിജീവിത പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ സമ്മതം പ്രധാനമല്ല എന്ന വസ്തുത ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. പ്രസ്തുത അഭിഭാഷകന്‍ ഒരു എ.ഒ.ആര്‍ (അഡ്വക്കേറ്റ്-ഓണ്‍-റെക്കോര്‍ഡ്) ആണോയെന്നും ബെഞ്ച് ചോദിച്ചു.

സുപ്രീം കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യാനും വാദങ്ങള്‍ നടത്താനും അധികാരമുള്ള അഭിഭാഷകരാണ് എ.ഒ.ആര്‍. അഭിരുചി പരീക്ഷയ്ക്ക് ശേഷമാണ് സുപ്രീം കോടതി ഇവരെ തെരഞ്ഞെടുക്കുക.

‘ഈ ആളുകള്‍ എങ്ങനെയാണ് എ.ഒ.ആര്‍ യോഗ്യത നേടുന്നത്? നിങ്ങള്‍ക്ക് അടിസ്ഥാന നിയമം അറിയില്ല. 20 തവണ നിങ്ങള്‍ സമ്മതപ്രകാരമുള്ള ബന്ധം എന്ന് പറഞ്ഞിട്ടുണ്ട്. നാളെ നിങ്ങള്‍ പറയും എട്ട് മാസം പ്രായമുള്ള കുട്ടിയുമായി നടന്നതും സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്,’ കോടതി വിമര്‍ശിച്ചു. അതേസമയം സംഭവത്തില്‍ അഭിഭാഷകന്‍ ബെഞ്ചിനോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.

Content Highlight: The supreme court strongly criticized the lawyer who wrote relationship was consensual in the bail application of the accused who raped a minor girl