IPL
റോയലായി ക്യാപ്റ്റന്‍സിയേറ്റെടുക്കുക ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോയില്‍; ജയിച്ചാല്‍ ചരിത്രവും
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Thursday, 20th March 2025, 5:08 pm

ഐ.പി.എല്‍ മാമാങ്കത്തിന്റെ 18ാം എഡിഷന് തിരശ്ശീലയുയരാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ശേഷിക്കുന്നത്. മാര്‍ച്ച് 22ന് വൈകീട്ട് 7.30ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടെ പുതിയ സീസണിന് തുടക്കം കുറിക്കും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

ഈ മത്സരത്തില്‍ യുവതാരം റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്താത്തതിനാലാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍സി റിയാന്‍ പരാഗിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ മത്സരത്തില്‍ മാത്രമല്ല അടുത്ത രണ്ട് മത്സരത്തിലും അസം നായകന്‍ തന്നെയായിരിക്കും രാജസ്ഥാന്‍ റോയല്‍സിനെയും നയിക്കുക.

 

രാജസ്ഥാന്റെ നാലാം മത്സരത്തിലാകും സഞ്ജു ക്യാപ്റ്റന്റെ റോളിലേക്ക് മടങ്ങിയെത്തുക. പഞ്ചാബ് കിങ്‌സിനെതിരെ അവരുടെ തട്ടകമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുന്നത്.

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്നത് ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണെങ്കിലും ഈയിടെ ഐ.പി.എല്‍ ആരാധകര്‍ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്സ് മത്സരത്തെയും എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇരു ടീമുകളും ആ വിശേഷണത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുമുണ്ട്.

ഒരിക്കല്‍പ്പോലും വണ്‍ സൈഡാകാതെ ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും കാണികള്‍ക്ക് നല്‍കുന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരം തന്നെയാണ് ഐ.പി.എല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ സീസണില്‍ രണ്ട് തവണയേറ്റുമുട്ടിയപ്പോള്‍ ഓരോ ജയം വീതമാണ് ഇരു ടീമുകളും നേടിയത്. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കരുത്തില്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. കേവലം ഒരു പന്ത് മാത്രം ശേഷിക്കവെയാണ് ഹെറ്റി രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് ഈ പരാജയത്തിന് പകരം വീട്ടി. സ്വന്തം ഹോം സ്‌റ്റേഡിയത്തിലെത്തി തങ്ങളെ തോല്‍പ്പിച്ചതിന് രാജസ്ഥാന്റെ രണ്ടാം ഹോം സ്‌റ്റേഡിയത്തിലെത്തി അഞ്ച് വിക്കറ്റിന്റെ വിജയമാണ്  പഞ്ചാബ് സ്വന്തമാക്കിയത്.

2023ലും ഇരു ടീമുകളും ഓരോ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ അസമിലെ ബര്‍സാപരയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഹോം ടീമിനെ അഞ്ച് റണ്‍സിന് തോല്‍പിച്ചപ്പോള്‍ ധര്‍മശാലയില്‍ നടന്ന വാശിയേറിയ റണ്‍ ചെയ്സില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

2022ലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറിലാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.

ഈ സീസണില്‍ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്ന മത്സരത്തില്‍ സഞ്ജുവിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. രാജസ്ഥാനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോഡാണ് സഞ്ജുവിന് മുമ്പിലുള്ളത്. നിലവില്‍ 31 വിജയവുമായി ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സഞ്ജു.

രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍

(ക്യാപ്റ്റന്‍ – സ്പാന്‍ – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 2008-2011 – 56 – 31 – 55.35

സഞ്ജു സാംസണ്‍ – 2021-2024* – 61 – 31 – 50.81

രാഹുല്‍ ദ്രാവിഡ് – 2012-2013 – 40 – 23 – 57.50

സ്റ്റീവ് സ്മിത് – 2014-2020 – 27 – 15 – 55.55

അജിന്‍ക്യ രഹാനെ – 2018-2019 – 24 – 9 – 37.50

ഷെയ്ന്‍ വാട്സണ്‍ – 2008-2015 – 21 – 7 – 33.33

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

നിതീഷ് റാണ, ശുഭം ദുബെ, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, വാനിന്ദു ഹസരങ്ക, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കുണാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാക്ക, അശോക് ശര്‍മ, സന്ദീപ് ശര്‍മ, ജോഫ്രാ ആര്‍ച്ചര്‍, യുദ്ധ്‌വീര്‍ സിങ്.

 

Content Highlight: IPL 2025: Reports says Sanju Samson will return as Rajasthan Royals’ captain against Punjab Kings