അവരുടെ അഭിനയം കാണാന്‍ എനിക്ക് കൊതിയാണ്; ഇരുവരും അഭിനയ വിസ്മയങ്ങളായത് കൊണ്ടാകാം: വിനയ
Entertainment
അവരുടെ അഭിനയം കാണാന്‍ എനിക്ക് കൊതിയാണ്; ഇരുവരും അഭിനയ വിസ്മയങ്ങളായത് കൊണ്ടാകാം: വിനയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 10:02 am

മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. മധു മുട്ടം തിരക്കഥ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

വിനയക്ക് പുറമെ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. കൂടാതെ നെടുമുടി വേണു, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ശ്രീധര്‍, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

സിനിമയില്‍ വിനയ പ്രസാദിന്റെ അച്ഛനായിട്ടാണ് നെടുമുടി വേണു അഭിനയിച്ചത്. പുല്ലാട്ടുപറമ്പ് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് എന്ന കഥാപാത്രമായിട്ടായിരുന്നു തിലകന്‍ എത്തിയത്. മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തിലകനെ കുറിച്ചും നെടുമുടി വേണുവിനെ കുറിച്ചും പറയുകയാണ് വിനയ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘തിലകന്‍ സാറിന്റെയും നെടുമുടി സാറിന്റെയും അഭിനയം കണ്ടുകൊണ്ടിരിക്കാന്‍ എത്ര കൊതിയാകുമായിരുന്നുവെന്ന് അറിയുമോ. എനിക്ക് ഒരുപാട് ഇഷ്ടമാണ്. വലിയ ആഗ്രഹത്തോടെയാണ് ഞാന്‍ അവരെ കണ്ടുകൊണ്ടിരുന്നത്. അത്രക്കും മികച്ച അഭിനയമാണ് രണ്ടുപേരുടെയും. അവരെല്ലാം അഭിനയ വിസ്മയങ്ങളായത് കൊണ്ടാകാം.

അവര്‍ ലെജന്‍സ് മാത്രമല്ല. ഓരോ സീനിലും അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല. ക്ലോസപ്പ് ഷോട്ട് വെച്ചാല്‍ ചെറിയൊരു അനക്കം കൊണ്ടോ മുടിയനക്കം കൊണ്ടോ ഇരുവരും അഭിനയിക്കും. ഓരോ നാഡി കൊണ്ടും അഭിനയിക്കുന്നവരാണ് അവര്‍. ഞാന്‍ ഒരുപാട് സിനിമകളിലൂടെ അവരെ ഒബ്‌സേര്‍വ് ചെയ്തിട്ടുണ്ട്. ഓരോ നാഡിയും മുഖത്തിന്റെ ഓരോ കോണും അഭിനയിക്കും,’ വിനയ പ്രസാദ് പറയുന്നു.

Content Highlight: Vinaya Prasad Talks About Nedumudi Venu And Thilkan