Entertainment
മണിച്ചിത്രത്താഴ്; എന്നെ സജസ്റ്റ് ചെയ്തത് ആ നടന്‍; ഞാന്‍ അറിഞ്ഞത് ഫാസില്‍ സാറ് പറയുമ്പോള്‍: വിനയ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 30, 09:39 am
Friday, 30th August 2024, 3:09 pm

മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതായി മാറിയ നടിയാണ് വിനയ പ്രസാദ്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. സിനിമയില്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.

മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് ആരാണെന്ന് പറയുകയാണ് വിനയ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു നടി.

‘1992ല്‍ ബാംഗ്ലൂരില്‍ വെച്ച് ഓണാഘോഷത്തിന്റെ വലിയ പരിപാടി ഉണ്ടായിരുന്നു. അന്ന് എന്റെ ആദ്യ പടം ഇറങ്ങിയിട്ട് സൂപ്പര്‍ഹിറ്റായിരുന്നു. അതായത് കന്നഡ പടം. അന്ന് മോഹന്‍ലാല്‍ജിയും ആ ഓണപരിപാടിയില്‍ വന്നിരുന്നു. ചീഫ് ഗസ്റ്റായിട്ടാണ് അദ്ദേഹം വന്നത്. ഞാനും അതില്‍ ഒരു ഗസ്റ്റായിട്ടാണ് പോയിരുന്നത്.

അന്ന് അദ്ദേഹം തമിഴ് അറിയാമോ മലയാളം അറിയാമോ എന്നൊക്കെ എന്നോട് ചോദിച്ചു. സാറ് എന്നെ അതിന് മുമ്പ് കണ്ടിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാന്‍ സാറിന്റെ സിനിമകളൊക്കെ ഒരുപാട് കണ്ടിരുന്നു. ഫിലിം ഫെസ്റ്റിവലിലും ബാംഗളൂരുവില്‍ റിലീസാകുമ്പോഴുമൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു.

അദ്ദേഹത്തിന്റെ സിനിമകള്‍ പിന്നെ ടി.വിയിലൊക്കെ വരുമല്ലോ. അങ്ങനെയും ഞാന്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഉള്ളടക്കം, കിരീടം പോലെയുള്ള സിനിമകളൊക്കെ ഞാന്‍ കണ്ടതാണ്. ആ കാര്യം ഞാന്‍ അന്നത്തെ ഓണപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ പറഞ്ഞിരുന്നു.

ആ സമയത്ത് മോഹന്‍ലാല്‍ സാര്‍ വെറുതെ എന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. ഞാനാണെങ്കില്‍ കുറച്ചേ സംസാരിച്ചിരുന്നുള്ളൂ. അത് കഴിഞ്ഞ് ഏകദേശം രണ്ടോ മൂന്നോ മാസത്തിന് ശേഷമാണ് ഫാസില്‍ സാറിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ എന്നെ വിളിച്ചത്.

അദ്ദേഹം വിളിച്ചിട്ട് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞു. അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ ഉടനെ തന്നെ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഫാസില്‍ സാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും പേര് കേള്‍ക്കുമ്പോള്‍ ഇല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ.

പിന്നെ ഫാസില്‍ സാറാണ് എന്നോട് ആ കാര്യം പറയുന്നത്. അതായത് എന്നെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് മോഹന്‍ലാല്‍ ആണെന്ന്. ശ്രീദേവിയെന്ന ഇന്നസെന്റ് ആയിട്ടുള്ള ഒരു നാടന്‍ പെണ്‍കുട്ടിയെ ആയിരുന്നു അവര്‍ക്ക് വേണ്ടത്. അതിന് വിനയ പറ്റിയ കാസ്റ്റിങ്ങാണ് എന്നായിരുന്നു മോഹന്‍ലാല്‍ സാര്‍ അദ്ദേഹത്തോട് പറഞ്ഞത്.

സത്യത്തില്‍ എന്റെ മുഴുവന്‍ പേരുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഫാസില്‍ സാറില്‍ നിന്നാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്. എന്നാല്‍ ഒരു തവണ പോലും മോഹന്‍ലാല്‍ സാര്‍ അദ്ദേഹമാണ് സജസ്റ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടില്ല. എന്നോട് ഒരു കാര്യവും സാര്‍ പറഞ്ഞില്ല,’ വിനയ പ്രസാദ് പറഞ്ഞു.


Content Highlight: Vinaya Prasad Says Mohanlal Suggested Her To Manichithrathazhu Movie