Entertainment
നിവിന്‍ ആ ലുക്കിലേക്ക് തിരിച്ചുവരാമെന്ന് പറഞ്ഞ് അന്ന് ഞങ്ങള്‍ ബ്രേക്ക് എടുത്തു: വിനയ് ഗോവിന്ദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 17, 01:23 pm
Monday, 17th February 2025, 6:53 pm

2011ല്‍ ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ വി.കെ. പ്രകാശിന്റെ അസിസ്റ്റന്റ് ഡയറക്ടറായായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിനയ് ഗോവിന്ദ്. 2013ല്‍ കിളി പോയി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്രസംവിധായകനാകുന്നത്. ശേഷം 2015ല്‍ കോഹിനൂര്‍ എന്ന സിനിമയും സംവിധാനം ചെയ്തത് വിനയ് ആയിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷം തന്റെ മൂന്നാമത്തെ സംവിധാന ചിത്രവുമായി എത്തുകയാണ് വിനയ് ഗോവിന്ദ്. ഗെറ്റ്-സെറ്റ് ബേബിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. കോഹിനൂര്‍ സിനിമക്ക് ശേഷം 2015ല്‍ താന്‍ നിവിന്‍ പോളിയെ നായകനാക്കി താരം എന്ന സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്ന് പറയുകയാണ് വിനയ് ഗോവിന്ദ്. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ 2015 കഴിഞ്ഞിട്ട് ചെയ്യാന്‍ ഉദ്ദേശിച്ചത് താരം എന്ന സിനിമയായിരുന്നു. 2015 മുതല്‍ അതില്‍ വര്‍ക്ക് ചെയ്യുകയായിരുന്നോയെന്ന് ചോദിച്ചാല്‍ അതേയെന്നാണ് എന്റെ മറുപടി. പക്ഷെ അത് പല സ്റ്റേജിലേക്കുമായി വലുതായി കൊണ്ടിരിക്കുകയായിരുന്നു.

നിവിന്‍ പോളിയുമായി ഡിസ്‌ക്കസ് ചെയ്ത് അത് കുറച്ചുകൂടി ഒരു ബിഗര്‍ സ്‌കെയിലില്‍ എത്തുന്നത് പോലെ പ്ലാന്‍ ചെയ്തു. ഒരു ഗ്രാന്‍ഡ് സ്‌കെയിലിലേക്ക് ആ പടം വന്നു. അത് ഷൂട്ട് ചെയ്യാന്‍ റെഡിയായി സെറ്റാകുന്ന സമയത്താണ് കൊറോണ വന്നത്. കൊറോണ കാരണം ഒന്നൊന്നര കൊല്ലം അങ്ങനെ പോയി.

പിന്നെ നമ്മുടെ ഇന്‍ഡസ്ട്രിക്ക് അങ്ങനെ വലിയ ബജറ്റുകള്‍ താങ്ങാനുള്ള സ്‌പേസില്ല. അത്യാവശ്യം വലിയ ബജറ്റ് വരുന്ന സിനിമായിരുന്നു അത്. എങ്ങനെ അത് നമ്മുടെ പ്രൊഡ്യൂസര്‍ക്ക് പറ്റുന്ന രീതിയിലേക്ക് മാറ്റാമെന്ന ഒരു കാര്യമുണ്ടായിരുന്നു. കുറേ ഔട്ട്‌സൈഡ് കേരള ഷൂട്ടുണ്ടായിരുന്നു.

മണാലി പോലെയുള്ള സ്ഥലങ്ങളിലായി വലിയ ഷെഡ്യൂള്‍ ആവശ്യമായിരുന്നു. നായികയും നായകനും മാത്രം പാട്ടുപാടികൊണ്ടു വരുന്ന പരിപാടിയായിരുന്നില്ല അത്. അവിടുത്തെ മഞ്ഞും മറ്റും നമുക്ക് വേണമായിരുന്നു. നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഇതൊന്നും ഫേക്കായിട്ടോ സി.ജി ആയിട്ടോ ചെയ്യുന്നത് താങ്ങില്ല.

അതുകൊണ്ട് അവിടുത്തെ ക്ലൈമറ്റിന് അനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നു. ഈ സിനിമയുടെ ഒരു ദിവസത്തെ ഷൂട്ട് നടന്നിരുന്നു എന്നതാണ് സത്യം. പിന്നെ നിവിന്റെ ഫിസിക്കല്‍ അപ്പിയറന്‍സ് നമുക്ക് ഈ പടത്തിന്റെ ക്യാരക്ടറിന് വളരെ ഇമ്പോര്‍ട്ടന്റായിരുന്നു. ആ കാര്യം എനിക്കും നിവിനും അറിയാമായിരുന്നു.

നിവിന്‍ എന്നോട് പറഞ്ഞത് ‘നമ്മള്‍ വെറുതെ ഒരു പടം ചെയ്തിട്ട് കാര്യമില്ലല്ലോ’ എന്നായിരുന്നു. ഞാനും അത് തന്നെയാണ് ചിന്തിച്ചത്. നിവിന്‍ പോളി പ്രൊജക്റ്റ് എന്നല്ലാതെ ഒരുമിച്ച് വലിയൊരു സിനിമയായിട്ട് ചെയ്യാമെന്നാണ് കരുതിയത്. അതില്‍ റൊമാന്‍സും ആക്ഷനും പാട്ടും ഡാന്‍സും എല്ലാമുണ്ടായിരുന്നു.

ആ സിനിമ ചെയ്യണമെങ്കില്‍ നിവിന് ഒരു പര്‍ട്ടിക്കുലര്‍ ഫിസിക്കല്‍ അപ്പിയറന്‍സ് ആവശ്യമായിരുന്നു. പക്ഷെ അതങ്ങോട്ട് എത്തിയില്ല. അദ്ദേഹത്തിന്റെ പ്രീവിയസ് കമ്മിറ്റ്‌മെന്റ്‌സ് കാരണമാകാം. പിന്നെ പല തിരക്കുകളില്‍ പെട്ടിട്ടും മറ്റും അദ്ദേഹത്തിന് അവിടെ എത്തിയപ്പോഴേക്കും നമുക്ക് വേണ്ടുന്ന രീതിയില്‍ ആയില്ല.

പൂര്‍ണമായും കമ്മിറ്റഡ് അല്ലാതെ ഒരു സാധനം ചെയ്യാനാവില്ല. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ലിസ്റ്റിനായിരുന്നു. ലിസ്റ്റിനും ആ സിനിമക്കായി നന്നായി സഹകരിച്ചു. ഇങ്ങനെ ചെയ്താല്‍ വര്‍ക്കൗട്ടാകില്ലെന്ന് അദ്ദേഹവും മനസിലാക്കി. ചെയ്ത് നശിപ്പിക്കേണ്ടല്ലോ.

നിവിനും ലിസ്റ്റിനും അത് മനസിലാക്കിയിരുന്നു. നിവിന്‍ പെട്ടെന്ന് തന്നെ ആ ലുക്കിലേക്ക് തിരിച്ചുവരാമെന്ന് പറഞ്ഞിട്ടാണ് ഞങ്ങള്‍ ബ്രേക്ക് എടുക്കുന്നത്. അവസാനം സംസാരിച്ചപ്പോഴും അതിലേക്കൊക്കെ എത്തുന്നുവെന്നാണ് പറഞ്ഞത്,’ വിനയ് ഗോവിന്ദ് പറഞ്ഞു.

Content Highlight: Vinay Govind Talks About A Movie With Nivin Pauly