അരുണ്‍കുമാറിനെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്തു
Kerala
അരുണ്‍കുമാറിനെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2013, 12:50 am

[]തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. []

ഇന്നലെ ഉച്ചയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ നിയമിച്ചത്, അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയത്, ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിക്കാന്‍ ഉത്തരവിട്ടത് എന്നീ വിഷയങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.

നേരത്തെ വി.ഡി.സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതിയും ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു.

വിശദമായ അന്വേഷണത്തിനും സഭാസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.
ഐ.എച്ച്.ആര്‍.ഡിയുമായി ബന്ധപ്പെട്ട രണ്ട് ആരോപണങ്ങള്‍ ഒരു കേസായും ഐ.സി.ടി. അക്കാദമി നിയമനം സംബന്ധിച്ച ആരോപണം മറ്റൊരു കേസായുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

പ്രതിപക്ഷ നേതാവായിരിക്കെ 2010ല്‍ ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആരോപണങ്ങളിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രിയായിരിക്കെ അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് 11 ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി എഴുതി നല്‍കി. അച്യുതാനന്ദനാകട്ടെ ഈ നിവേദനം ലോകായുക്തയ്ക്കു കൈമാറി. ലോകായുക്തയുടെ പരിധിയില്‍ വരുന്നതല്ലാത്തിനാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ശേഷം അന്വേഷണം വിജിലന്‍സിനു കൈമാറി.

ഇതിനെതിരേ അരുണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതി ശരിവച്ചു. ഇതിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്.