എനിക്ക് ആത്മവിശ്വാസം തന്നത് ആ മമ്മൂട്ടി ചിത്രം, അതിന്റെ വിജയം കരിയറിൽ ഗുണം ചെയ്തു: വിജയരാഘവൻ
Entertainment
എനിക്ക് ആത്മവിശ്വാസം തന്നത് ആ മമ്മൂട്ടി ചിത്രം, അതിന്റെ വിജയം കരിയറിൽ ഗുണം ചെയ്തു: വിജയരാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2024, 8:44 am

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ.

അതുകൊണ്ട് തന്നെ നാടകരംഗത്ത് നിന്നാണ് താരം സിനിമയിലേക്ക്‌ എത്തുന്നത്. പൂക്കാലം, ആന്റണി തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഈയിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവെച്ചത്.

വിജയരാഘവന് എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകനാണ് ജോഷി. ജോഷിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായി എത്തിയ ന്യൂ ഡൽഹി. ന്യൂ ഡൽഹിയിലെ തന്റെ കഥാപാത്രത്തിനെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.

സിനിമയിൽ തന്നെ തുടരാം എന്നുള്ള ആത്മവിശ്വാസം തനിക്ക് വന്നത് ന്യൂ ഡൽഹിയിലൂടെയാണെന്നും ചിത്രത്തിന്റെ വിജയം തന്റെ കരിയറിൽ വലിയ ഗുണം ചെയ്തുവെന്നും വിജയരാഘവൻ പറയുന്നു. സംവിധായകൻ ജോഷിയെ പണ്ടുമുതലേ അറിയാമെന്നും തങ്ങൾ ഒരുമിച്ചാണ് സിനിമയിലേക്ക് പ്രവേശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

‘1987-ൽ ജോഷി സംവിധാനം ചെയ്‌ത ന്യൂ ഡൽഹിയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആത്മവിശ്വാസം വന്നു. അതോടെ സിനിമ കരിയറാക്കാം എന്ന് തീരുമാനിച്ചു. പിന്നാലെ നാടകാഭിനയം നിർത്തി, പൂർണസമയ സിനിമക്കാരനായി ന്യൂ ഡൽഹി നേടിയ വിജയം എനിക്കും കരിയറിൽ ഏറെ ഗുണം ചെയ്‌തു.

സംവിധായകൻ ജോഷിയെ അതിനു മുമ്പേ പരിചയമുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ജോഷിയുടെ കുടുംബത്തിന് അന്ന് വർക്കലയിൽ മൂന്ന് തിയേറ്ററുകളുണ്ട്. പടം മാറുന്ന ദിവസം ഈ തിയേറ്ററുകൾ നാടകം നടത്താനായി നൽകു മായിരുന്നു. അന്നൊക്കെ സിനിമപോലെത്തന്നെ ടിക്കറ്റ് വെച്ചായിരുന്നു നാടകവും.

അന്നുതൊട്ട് ജോഷിയെ പരിചയമുണ്ട്. എസ്. എൻ. കോളേജിൽ ഞങ്ങൾ ഒരേകാലത്താണ് പഠിച്ചത്. സിനിമയിലും ഒരേസമയത്താണ് രണ്ടുപേരും രംഗപ്രവേശം ചെയ്തത്. കാപാലികയിലൂടെ ഞാൻ അഭിനേതാവായും ജോഷി, മണിസാറിന്റെ അസിസ്റ്റന്റായും കയറി. ന്യൂഡൽഹിയിൽ മികച്ചൊരു കഥാപാത്രംതന്നെ ജോഷി എനിക്ക് സമ്മാനിച്ചു,’ വിജയരാഘവൻ പറയുന്നു.

 

Content Highlight: Vijayaraghavan About His Character In New Delhi Movie