മമ്മൂട്ടിയ്‌ക്ക് ഒരു വിജയം ഉണ്ടായേ പറ്റൂ എന്ന അവസ്ഥയായിരുന്നു അന്ന്: വിജയരാഘവൻ
Entertainment
മമ്മൂട്ടിയ്‌ക്ക് ഒരു വിജയം ഉണ്ടായേ പറ്റൂ എന്ന അവസ്ഥയായിരുന്നു അന്ന്: വിജയരാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st December 2023, 6:48 pm

തന്റെ വ്യത്യസ്തമായ പ്രകടനങ്ങളിലൂടെ കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് വിജയരാഘവൻ. നാടകരംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന വിജയ രാഘവൻ എല്ലാ കഥാപാത്രങ്ങൾക്കും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ തിയേറ്ററിൽ ഇറങ്ങിയ ജോഷി ചിത്രം ആന്റണിയിലും വിജയരാഘവൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സംവിധായകൻ ജോഷിയെ കുറിച്ചും ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.

ന്യൂഡൽഹി സിനിമ ഇറങ്ങുന്ന സമയത്ത് മമ്മൂട്ടിക്കും ജോഷിക്കും ആ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരു ഹിറ്റ് അനിവാര്യമായിരുന്നുവെന്നും ചിത്രം പിന്നീട് വലിയ വിജയമായി മാറിയൊന്നും വിജയരാഘവൻ പറയുന്നു. സംവിധായകരിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തി ജോഷിയാണെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് അദ്ദേഹം പറഞ്ഞു.

 

‘ജോഷിക്കും മമ്മൂട്ടിക്കും നല്ലൊരു ഹിറ്റ് ആവശ്യമായിട്ടുള്ള സമയമായിരുന്നു അത്. അവർക്ക് മാത്രമല്ല അതിന്റെ പ്രൊഡ്യൂസർ ജൂബിലി ജോർജിനും ഡെന്നീസ് ജോസഫിനുമെല്ലാം ആ സിനിമയുടെ വിജയം അനിവാര്യമായിരുന്നു. വിജയം ഉണ്ടായേ പറ്റൂ എന്ന അവസ്ഥയായിരുന്നു.

അത് അതുപോലെതന്നെ സംഭവിച്ചു. കാലങ്ങൾക്കപ്പുറം ഇന്നും ആ സിനിമ കാണുമ്പോൾ മലയാളത്തിൽ ഇറങ്ങിയ ഒരു ന്യൂജനറേഷൻ സിനിമയായിട്ടാണ് അതിനെ വിലയിരുത്തുന്നത്.

അങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. മറ്റുള്ള സംവിധായകരിൽ നിന്ന് വ്യത്യസ്തമായി ജോഷിയോടൊപ്പം വർക്ക് ചെയ്യുമ്പോൾ എനിക്കൊരുപാട് സന്തോഷവും സ്വാതന്ത്ര്യവുമെല്ലാം തോന്നും. അതിന്റേതായ പരിമിതികളും എനിക്കുണ്ട്.

നിങ്ങൾ തമ്മിൽ ശരിക്കും എന്താണ് ബന്ധം എന്ന് പലരും ഞങ്ങളോട് ചോദിക്കാറുണ്ട്. ജോഷി മനസില്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം എനിക്കും മനസിലാക്കാൻ കഴിയും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അത്രമാത്രമുണ്ട് ഞങ്ങൾ തമ്മിലുള്ള അടുപ്പം.

മറ്റൊരു സംവിധായകനായിട്ടും അതില്ല. വളരെ അപൂർവമായേ അങ്ങനെ സംഭവിക്കുള്ളു,’ വിജയ രാഘവൻ പറയുന്നു.

Content Highlight: Vijaya Raghavan Talk About  New Delhi Movie And Joshy