‘പ്രേമം’ എന്ന ചിത്രം ‘ആലുവ പുഴയുടെ തീരത്ത്’ എന്ന ഗാനം കൊണ്ട് റിലീസിന് മുൻപേ ഹിറ്റായിരുന്നു. എന്നാൽ വിജയ് യേശുദാസ് പാടിയ ‘മലരേ’ എന്ന ഗാനം പുറത്തുവന്നപ്പോൾ മുതൽ പ്രേക്ഷകരുടെ മനസിൽ ആ ഗാനം സ്ഥാനം ഉറപ്പിച്ചിരുന്നു. പ്രേമത്തിലെ താൻ പാടിയ ഹിറ്റ് ഗാനത്തെക്കുറിച്ച് തന്റെ ഓർമകൾ പങ്കുവെക്കുകയാണ് വിജയ് യേശുദാസ്.
പ്രേമം എന്ന ചിത്രത്തലെ ‘മലരേ’ എന്ന ഗാനം തനിക്ക് മുൻപ് 20 പേര് പാടിയിട്ടുണ്ടെന്നും താൻ 21-മത്തെ ആളാണെന്നും വിജയ് യേശുദാസ് പറഞ്ഞു. പാട്ട് സിനിമയിൽ മാത്രമാണ് അന്ന് ഉണ്ടായിരുന്നതെന്നും പിന്നീടാണ് യൂട്യൂബിൽ ലഭ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സ് കോൾഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലരേ എന്ന ഗാനം എനിക്ക് മുൻപ് 20 പേര് പാടിയിട്ടുണ്ട്. അവർ പല ശബ്ദങ്ങളും ആ ഗാനത്തിൽ പരീക്ഷിക്കുകയായിരുന്നു. ഞാൻ 21-മത്തെ ആളാണ്. അതും മിക്സ് ഒന്നും ചെയ്യാതെ അതുപടിതന്നെ വെച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് സിനിമ റിലീസ് ചെയ്തപ്പോൾ ആ പാട്ടും റഫ് മിക്സിൽ ഇറക്കുകയായിരുന്നു. ഗാനം സിംഗിൾ ആയിട്ട് പിന്നീട് എപ്പോഴോ ആണ് ഇറക്കിയത്.
സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്തു, ശനിയാഴ്‍ച ജോജു എന്നെ വിളിച്ചുപറഞ്ഞു പാട്ട് വളരെ ഹിറ്റായെന്ന്. പാട്ട് യൂട്യൂബിൽ ഒന്നും ഇറക്കാത്തതുകൊണ്ട് ആളുകൾ തിയേറ്ററിൽ നിന്നും വീഡിയോ എടുത്തുകൊണ്ട് പോകുകയും അത് യൂട്യൂബിൽ ഒക്കെ അപ്‌ലോഡ് ചെയ്തെന്നുമൊക്കെ കേട്ടു. എനിക്കറിയില്ല അത് ചിലപ്പോൾ അൽഫോൻസ് പുത്രന്റെ ബുദ്ധിപരമായ മാർക്കറ്റിംഗ് രീതിയായിരുന്നോയെന്ന് (ചിരിക്കുന്നു). ആ ഗാനം ആളുകൾക്ക് എന്തായാലും വളരെ ഇഷ്ടമായിരുന്നു,’ വിജയ് യേശുദാസ് പറഞ്ഞു.
കോലക്കുഴൽ വിളികേട്ടോ’ എന്ന ഗാനം ഹിറ്റായത് താൻ അറിഞ്ഞിരുന്നില്ലെന്നും ഒരു പരിപാടിയിൽ പങ്കെടുക്കവെ പ്രേക്ഷകർ തന്നോട് പാടാൻ ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
”കൊലക്കുഴൽ വിളികേട്ടോ’ എന്ന ഗാനം റിലീസ് ആയി അത് ഹിറ്റ് ആയപ്പോൾ ഞാനും ശ്വേതയും (ശ്വേത മോഹൻ) ചെന്നൈയിൽ ആയിരുന്നു. ഈ ഗാനം ഹിറ്റ് ആയെന്ന് ഞങ്ങൾ രണ്ടുപേരും അറിഞ്ഞിരുന്നില്ല. ഏതോ ഒരു പരിപാടിക്ക് പോയപ്പോൾ ഈ പാട്ട് പാടുമോ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങി. അത് പാടാൻ തുടങ്ങിയപ്പോഴുള്ള ആളുകളുടെ പ്രതികരണം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി; വിജയ് യേശുദാസ് പറഞ്ഞു.
Content Highlights: Vijay Yesudas on ‘Malare’ song