കനത്ത വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന തൂത്തുകുടി നിവാസികളെ സന്ദര്‍ശിച്ച് വിജയ്. പ്രളയബാധിത മേഖലയില്‍ എത്തിയ വിജയ് വെള്ളപ്പൊക്കത്തില്‍ കെടുതിയിലായവര്‍ക്ക് ഭക്ഷണമുള്‍പ്പെടെ ആവശ്യമായ സാധന സാമഗ്രികളും വിതരണം ചെയ്തു.
മീഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴയില്‍ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. മഴ ഏറ്റവും ദുരിതം വിതച്ച സ്ഥലങ്ങളാണ് തിരുനെല്‍വേലി ജില്ലയിലെ തൂത്തുകുടി. പാര്‍പ്പിടം നഷ്ടപ്പെട്ട് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാത്ത ജനങ്ങള്‍ക്കിടയിലേക്കാണ് വിജയ് സഹായവുമായി എത്തിയത്.
മഴയെ തുടര്‍ന്ന് വെള്ളം കയറിയതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോട് അടുത്തിടെ താരം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകരോട് വിജയ് ആവശ്യപ്പെട്ടത്. സര്‍ക്കാരുമായി ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് കൈകോര്‍ക്കാം, വിഷമങ്ങള്‍ തുടച്ചുനീക്കാം എന്നും വിജയ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
‘ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകള്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെയും നിരവധിപേര്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വേളയില്‍, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സന്നദ്ധപ്രവര്‍ത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു,’ വിജയ് കുറിച്ചു.
Content Highlight: Vijay visits Thoothukudi residents suffering from floods