വാവറും അയ്യപ്പനും തമ്മില്‍ ഒരു ബന്ധവുമില്ല; വാവര്‍ നട പൊളിക്കണം: വിജി തമ്പി
Kerala News
വാവറും അയ്യപ്പനും തമ്മില്‍ ഒരു ബന്ധവുമില്ല; വാവര്‍ നട പൊളിക്കണം: വിജി തമ്പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 4:14 pm

പന്തളം: അയ്യപ്പന് വാവര്‍ എന്ന സങ്കല്‍പ്പവുമായി ഒരു ബന്ധവുമില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി.

ഇക്കാര്യം ശബരിമലയില്‍ നടന്ന കഴിഞ്ഞ മൂന്ന് ദേവപ്രശ്‌നങ്ങളിലും തെളിഞ്ഞിട്ടുണ്ടെന്നും വിജി തമ്പി പറഞ്ഞു. ജനം ടി.വിക്ക് നല്‍കിയ പ്രതികരണത്തിലാണ് പരാമര്‍ശം.

വാവര് എന്ന ശിവഭൂതഗണമാണ് അയ്യപ്പനോടൊപ്പം എരുമേലിയില്‍ മഹിഷി മര്‍ദനത്തിനായി വന്നതെന്നും വിജി തമ്പി പറഞ്ഞു. പരമശിവന്‍ നല്‍കിയ വാളുകൊണ്ടാണ് അയ്യപ്പന്‍ മഹിഷിയെ വധിച്ചതെന്നും വിജി തമ്പി കൂട്ടിച്ചേര്‍ത്തു.

അക്കാലത്ത് എരുമേലി വഴി മാത്രമേ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുവെന്നും എരുമേലിയിലെത്തുന്നവരെ ശബരിമലയിലെത്തിക്കാനും തിരിച്ചിറക്കാനുമുള്ള ഉത്തരവാദിത്തം അയ്യപ്പന്‍ വാവരിന് നല്‍കി. ആ വാവരെയാണ് എരുമേലിയില്‍ പ്രതിഷ്ഠിച്ചിരുന്നതെന്നാണ് വിജി തമ്പി പറഞ്ഞത്.

എന്നാല്‍ പിന്നീട് ഹിന്ദുക്കളുടെ ജാഗ്രത കുറവ് മൂലം വാവര് ‘വാവര്‍’ ആയി മാറിയെന്നും ആ വാവറിന്റെ പേരിലാണ് ഇപ്പോള്‍ അയ്യപ്പന്മാരെ ബന്ധിച്ചുകൊണ്ടിരിക്കുന്നതെന്നും വിജി തമ്പി പറഞ്ഞു.

ഈ വിഷയത്തില്‍ കേരളത്തില്‍ ഉള്ളവര്‍ പറ്റിക്കപ്പെടുന്നില്ല. പക്ഷെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന പാവങ്ങളായ ഭക്തര്‍ എരുമേലിയിലെത്തി പേട്ടതുള്ളുകയാണ്. പിന്നാലെ ഇവര്‍ ശബരിമലയിലെത്തുന്നതോടെ വ്രതഭംഗം സംഭവിക്കുകയാണെന്നും വിജി തമ്പി പറഞ്ഞു.

കഠിന വ്രതം എടുത്തുവരുന്നവര്‍ക്ക് ഭസ്മമാണ് എരുമേലിയില്‍ നിന്ന് നല്‍കുന്നത്. എന്നാല്‍ ഇത് നല്‍കുന്നവര്‍ ഭസ്മം തൊടുന്നുണ്ടോ എന്ന് നോക്കണം. ആ ഭസ്മം ധരിക്കുന്നതോടെയാണ് വ്രതഭംഗം സംഭവിക്കുന്നതെന്നും വിജി തമ്പി ജനം ടി.വിയോട് പ്രതികരിച്ചു. ഹൈന്ദവ സമാജം ഇതിനെതിരെ ഒറ്റക്കെട്ടായി സംസാരിക്കണമെന്നും വാവര്‍ അല്ല വാവരാനാണ് അയ്യപ്പന്റെ തോഴനെന്ന് തെളിയിക്കണമെന്നും വിജി തമ്പി ആവശ്യപ്പെട്ടു.

ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ പുറത്തുപറയരുതെന്നും അത് മതേതരത്വത്തിന് പ്രശ്നമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞതായും വിജി തമ്പി ആരോപിച്ചു. അയ്യപ്പനെ വിശ്വസിക്കുന്നവര്‍ മാത്രം ശബരിമലയില്‍ പോയാല്‍ മതിയെന്നും അല്ലാഹുവിനെ മാത്രം വിശ്വസിച്ചാല്‍ മതിയെന്ന് പറയുന്ന ഇസ്‌ലാം മതസ്ഥര്‍ക്ക് എങ്ങനെ അയ്യപ്പനില്‍ വിശ്വസിക്കാനാകുമെന്നും വിജി തമ്പി പറഞ്ഞു.

വാവര്‍ നട പൊളിച്ചുനീക്കണമെന്നും അതിന് ദേവസ്വം ബോര്‍ഡ് തയ്യാറാണവണമെന്നും വിജി തമ്പി പ്രതികരിച്ചു. വാവര്‍ പള്ളിയില്‍ പോകുന്നത് തെറ്റാണെന്ന് അയ്യപ്പന്മാരെ ബോധിപ്പിക്കണമെന്നും വിജി തമ്പി പറഞ്ഞു.

അയ്യപ്പന്മാരുടെ വ്രതം മുറിക്കുന്നതിനാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും അയ്യപ്പനും വാവറും തമ്മില്‍ ബന്ധമില്ലെന്ന് പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും വിജി തമ്പി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അയ്യപ്പ വിശ്വാസികളായിരിക്കണമെന്നും അല്ലാത്തവര്‍ മലയിലേക്ക് വരേണ്ടെന്നും വിജി തമ്പി പറഞ്ഞു.

എരുമേലിയിലേത് വാവരുടെ പള്ളിയല്ലെന്നും നൈനാന്‍ മോസ്‌ക്കാണെന്നും വിജി തമ്പി പറഞ്ഞു. ശബരിമലയില്‍ പോകാന്‍ കഴിയാത്തവര്‍ മണ്ഡലവ്രതം അനുഷ്ഠിക്കണമെന്നും മറ്റു മതസ്ഥര്‍ക്ക് ആകാമെങ്കില്‍ ഹിന്ദുക്കള്‍ക്കും കഴിയണമെന്നും വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

നോമ്പ് എടുക്കുന്നതുപോലെ ക്രിസ്ത്യാനികള്‍ ക്രിസ്മസിന് മുമ്പേ നോമ്പ് എടുക്കുന്നതുപോലെ ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ട് കഴിയില്ല. വ്രതം എടുക്കുന്നതിലൂടെ പുണ്യം കിട്ടുമെന്നും വിജി തമ്പി പറഞ്ഞു.

Content Highlight: Vijay Thambi said that Ayyappan had nothing to do with the concept of Vavar