Entertainment
എത്ര വലിയ വില്ലനെയും മോഹന്‍ലാല്‍ അടിച്ചിടുന്ന കാലത്ത് ആ സിനിമയില്‍ അയാളെ എങ്ങനെ പ്രസന്റ് ചെയ്യുമെന്ന് കണ്‍ഫ്യൂഷനുണ്ടായിരുന്നു: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 16, 04:46 pm
Sunday, 16th February 2025, 10:16 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചവരാണ് സിദ്ദിഖ് ലാല്‍ കോമ്പോ. ഫാസിലിന്റെ സംവിധാനസഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്ന ഇരുവരും റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകരായത്. പിന്നീട് കാബൂളിവാല, വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങി മികച്ച സിനിമകള്‍ അണിയിച്ചൊരുക്കി.

വിയറ്റ്‌നാം കോളനി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. ഗോഡ്ഫാദറിന് ശേഷം സിദ്ദിഖും താനും ഒന്നിച്ച് ചെയ്ത ചിത്രമായിരുന്നു അതെന്ന് ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന സമയമായിരുന്നു അതെന്നും ആക്ഷന്‍ ഹീറോ പരിവേഷം മോഹന്‍ലാലിന് ഉണ്ടായിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഏത് ഭാഷയില്‍ നിന്ന് വില്ലനെ കൊണ്ടുവന്നാലും അവരെയെല്ലാം മോഹന്‍ലാല്‍ അടിച്ചിടുന്ന കാലമായിരുന്നു അതെന്നും കഥയില്‍ അത് വലിയൊരു പ്രശ്‌നമായി നിന്നെന്നും ലാല്‍ പറയുന്നു. ഇരുമ്പ് ജോണ്‍, വട്ടപ്പള്ളി, റാവുത്തര്‍ എന്നിങ്ങനെ മൂന്ന് വില്ലന്മാരെ ഉണ്ടാക്കിയെങ്കിലും മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ അവരെ അടിച്ചിടുമെന്ന് പ്രേക്ഷകര്‍ ആദ്യമേ ധരിച്ചുവെക്കുന്ന അവസ്ഥയായിരുന്നെന്ന് ലാല്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ വരയുടെ അടുത്ത് മറ്റൊരു വര വരച്ച് അതിനെ ചെറുതാക്കുന്ന ടെക്‌നിക്കാണ് പിന്നീട് ചെയ്തതെന്നും അങ്ങനെയാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ അഗ്രഹാരത്തിലെ ചെറുപ്പക്കാരനാക്കി അവതരിപ്പിച്ചതെന്ന് ലാല്‍ പറഞ്ഞു. അതിനെ ബലപ്പെടുത്താന്‍ ഒരു ടൈറ്റില്‍ സോങ് കൂടി വെച്ചപ്പോള്‍ പ്രേക്ഷകര്‍ കണ്‍വിന്‍സ്ഡായെന്നും ലാല്‍ പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍.

‘ഗോഡ്ഫാദറിന്റെ വന്‍ വിജയത്തിന് ശേഷം ഞാനും സിദ്ദിഖും ചെയ്ത പടമായിരുന്നു വിയറ്റ്‌നാം കോളനി. ആ സമയത്ത് മോഹന്‍ലാല്‍ വലിയ സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന സമയമായിരുന്നു അത്. ഒരു ആക്ഷന്‍ ഹീറോ പരിവേഷം പുള്ളിക്ക് ഉണ്ടായിരുന്നു. ഏത് ഭാഷയില്‍ നിന്ന് വില്ലനെ കൊണ്ടുവന്നാലും അവരെയെല്ലാം മോഹന്‍ലാല്‍ അടിച്ചിടുന്ന കാലമായിരുന്നു. അതിപ്പോള്‍ തമിഴില്‍ നിന്നായാലും തെലുങ്കില്‍ നിന്നായാലും ഹിന്ദിയില്‍ നിന്നായാലും അതായിരുന്നു അവസ്ഥ.

ഇരുമ്പ് ജോണ്‍, വട്ടപ്പിള്ളി, റാവുത്തര്‍ എന്നിങ്ങനെ മൂന്ന് വില്ലന്മാരെ പടത്തില്‍ ഓള്‍റെഡി ക്രിയേറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അപ്പുറത്ത് മോഹന്‍ലാലായതുകൊണ്ട് ആദ്യമേ പുള്ളി അവരെ അടിച്ചിടുമെന്ന് ഓഡിയന്‍സിന് ബോധ്യമുണ്ടായിരുന്നു. അതിനെ എങ്ങനെ മറികടക്കാമെന്ന് ആലോചിച്ചപ്പോള്‍ അടുത്ത് ഒരു വര വരച്ച് അതിനെ ചെറുതാക്കുന്ന ടെക്‌നിക് ഇവിടെ പ്രയോഗിച്ചു. മോഹന്‍ലാലിനെ അഗ്രഹാരത്തിലെ ആളാക്കി പ്രസന്റ് ചെയ്തു. ആ ടൈറ്റില്‍ സോങ് അതിനെ നല്ല രീതിയില്‍ സഹായിച്ചു,’ ലാല്‍ പറഞ്ഞു.

Content Highlight: Actor Lal shares the memories of Vietnam Colony Movie