ചണ്ഡിഗഡ്: അമേരിക്കയില്‍ നിന്നും വീണ്ടും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്കെത്തിച്ചത് കൈയിലും കാലിലും വിലങ്ങ് ധരിപ്പിച്ചു തന്നെയെന്ന് റിപ്പോര്‍ട്ട്. യാത്രയിലുടനീളം തങ്ങളുടെ കൈകാലുകള്‍ ബന്ധിപ്പിച്ച രീതിയിലായിരുന്നുവെന്നും ഇന്ത്യയിലെത്തിയപ്പോഴാണ് വിലങ്ങളുകള്‍ അഴിച്ചതെന്നും വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാത്രി 11.40 ഓടെയാണ് പഞ്ചാബ് അമൃത്സറില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ എത്തിച്ചത്. 116 ഇന്ത്യക്കാരുമായാണ് വിമാനം ഇന്നലെ രാത്രിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബിലെ ഹോഷിയാപൂരിലെ കുരാല കലന്‍ ഗ്രാമത്തിലെ ദല്‍ജിത്താണ് ഇക്കാര്യം വെളുപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചില്‍ പഞ്ചാബില്‍ നിന്നുള്ള 65 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഗുജറാത്തില്‍ നിന്നുള്ള എട്ട് പേരും ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് പേരും ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരുമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പ്രാഥമികവിവരം.
അതേസമയം താന്‍ അനധികൃതമായ കുടിയേറ്റത്തിലേര്‍പ്പെടേണ്ടി വന്നത് ഏജന്റ് വഞ്ചിച്ചതിനെ തുടര്‍ന്നാണെന്നും യു.എസിലേക്കുള്ള വിമാനത്തിന് പകരം ഡോങ്കി റൂട്ട് വഴിയായിരുന്നു അമേരിക്കയിലെത്തിയതെന്നും ദല്‍ജിത്ത് പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചിട്ടും നാടുകടത്തപ്പെട്ടവരോട് കാണിച്ച പെരുമാറ്റത്തില്‍ യു.എസ് മാറ്റങ്ങളൊന്നും വരുത്താത്തതില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.
കുടിയേറ്റക്കാരായ 157 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസിന്റെ മൂന്നാമത്തെ വിമാനം ഞായറാഴ്ച ഇന്ന് രാത്രിയോടെയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫെബ്രുവരി അഞ്ചിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി ഒരു യു.എസ് സൈനിക വിമാനം അമൃത്സറില്‍ വന്നിറങ്ങിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് സര്‍ക്കാര്‍ നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ആയിരുന്നു അത്.
104 അനധികൃത കുടിയേറ്റക്കാരെ യു.എസ് സൈനിക വിമാനത്തില്‍ തിരിച്ചയച്ചത് വലിയ വിവാദമായിരുന്നു. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നുവെന്നും അമൃത്സറില്‍ ഇറങ്ങിയതിനുശേഷം മാത്രമാണ് തങ്ങളുടെ വിലങ്ങുകള്‍ അഴിച്ചുമാറ്റിയത്.
വ്യാഴാഴ്ച, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍, ഒരുപാട് സ്വപ്നങ്ങളുമായി വരുന്ന സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള ആളുകളെ ആകര്‍ഷിക്കുകയും അനധികൃത കുടിയേറ്റക്കാരായി മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന മനുഷ്യക്കടത്തുകാര്‍ക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും കൈകാലുകള്‍ ബന്ധിപ്പിച്ചാണ് കുടിയേറ്റക്കാരെ കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Condemning bringing illegal immigrants to India again; It was revealed that the native of Punjab who was on the flight; Report