ആ നടിയെ പോലെ ഡയലോഗ് പഠിക്കാന്‍ എനിക്ക് കഴിയില്ല; കഥാപാത്രമായി ഇഴകിച്ചേര്‍ന്നാണ് അഭിനയിക്കുക: വിജയ് സേതുപതി
Entertainment
ആ നടിയെ പോലെ ഡയലോഗ് പഠിക്കാന്‍ എനിക്ക് കഴിയില്ല; കഥാപാത്രമായി ഇഴകിച്ചേര്‍ന്നാണ് അഭിനയിക്കുക: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd December 2024, 9:08 am

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ സിനിമാലോകത്തേക്ക് ചേക്കേറിയ വ്യക്തിയാണ് മഞ്ജു വാര്യര്‍. 1999ല്‍ റിലീസായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു 2014ല്‍ റിലീസായ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിരക്കുള്ള താരമാകാന്‍ മഞ്ജുവിന് വളരെ വേഗം സാധിച്ചു.

മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. മഞ്ജു ഡയലോഗ് വളരെ വേഗം പഠിക്കുമെന്നും അതുപോലെ തനിക്ക് കഴിയില്ലെന്നും വിജയ് സേതുപതി പറയുന്നു. രണ്ടുപേര്‍ക്ക് ഒരുപോലെ ഡയലോഗ് പറഞ്ഞുതന്നാലും മഞ്ജു അത് വേഗം പഠിക്കുമെന്നും ഷൂട്ടിന്റെ ഇടക്ക് ഡയലോഗ് വേഗത്തിലാക്കാന്‍ പറഞ്ഞാല്‍ പ്രാക്ടീസ് പോലും ചെയ്യാതെ അത് പറയാന്‍ മഞ്ജുവിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം മലയാളത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

‘മഞ്ജുവിനെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയേണ്ട ആവശ്യമില്ലല്ലോ. എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ അവര്‍ വളരെ മികച്ച ഒരു അഭിനേത്രിയാണെന്ന്. ഒരു ഡയലോഗെല്ലാം കൊടുത്താല്‍ വളരെ വേഗം പഠിച്ച് ഷോട്ടിന് റെഡി ആകും.

ഞാന്‍ ആ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരേപോലെയാണ് ഡയലോഗ് പറഞ്ഞു തരുന്നത്. പക്ഷെ മഞ്ജുവിന് അത് വളരെ വേഗം മനസിലാകും. എനിക്ക് അത്രയും വേഗം പഠിക്കാനൊന്നും കഴിയില്ല.

ഒരു ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഡയറക്ടര്‍ പറഞ്ഞു ‘മഞ്ജു ആ ഭാഗത്ത് കുറച്ച് സ്പീഡില്‍ ഡയലോഗ് പറയു’ എന്ന്. സംവിധായകന്‍ അത് പറഞ്ഞപ്പോള്‍ തന്നെ അവരുടെ മാതൃഭാഷ പോലുമല്ലാഞ്ഞിട്ടും വളരെ വേഗം അത് പറഞ്ഞു. എനിക്ക് പോലും ഒന്ന് രണ്ട് തവണ പറഞ്ഞു നോക്കിയാല്‍ മാത്രമാണ് ഡയലോഗ് പറയാന്‍ കഴിയുക.

അഭിനയിക്കുമ്പോഴെല്ലാം അഭിനയിക്കുന്നതായി തോന്നുകയേ ഇല്ല. കഥാപാത്രവുമായി അത്രയും ഇഴകിച്ചേര്‍ന്നാണ് അഭിനയിക്കുക. വളരെ സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മഞ്ജു തൊഴില്‍ ചെയ്യുന്നത്,’ വിജയ് സേതുപതി പറയുന്നു.

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ 2, 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

Content Highlight: Vijay Sethupathi Talks About Manju Warrier