ആ സിനിമയുടെ ആദ്യദിവസം തന്നെ ഞാനും വിഘ്‌നേശ് ശിവനും വഴക്കിട്ടു: വിജയ് സേതുപതി
Entertainment
ആ സിനിമയുടെ ആദ്യദിവസം തന്നെ ഞാനും വിഘ്‌നേശ് ശിവനും വഴക്കിട്ടു: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th June 2024, 10:19 am

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായ വിജയ് സേതുപതി തമിഴിനു പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയിത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി.

താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി മാറി. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയ ആദ്യത്തെ ദിവസം തന്നെ താനും സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മില്‍ വഴക്കിട്ടുവെന്ന് വിജയ് സേതുപതി പറഞ്ഞു.

ചിത്രത്തിലെ പാണ്ടി എന്ന കഥാപാത്രം എങ്ങനെ ചെയ്തു ഫലിപ്പിക്കണമെന്ന് തനിക്ക് ഐഡിയ ഇല്ലായിരുന്നുവെന്നും വിഘ്‌നേശ് അത് പറഞ്ഞു തരാത്തതുകൊണ്ടാണ് വഴക്കിടേണ്ടി വന്നതെന്നും താരം പറഞ്ഞു. തങ്ങളുടെ വഴക്ക് കണ്ട് നയന്‍താരക്കും പേടിയായെന്നും ഒടുവില്‍ വിഷ്ണു വിശാല്‍ തന്നെ വിളിച്ച് ആ കഥാപാത്രം ചെയ്യുന്നത് അത്ര നിസാരമല്ലെന്ന് പറഞ്ഞതിന് ശേഷം താനും വിഘ്‌നേശും സംസാരിച്ചുവെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. ഗലാട്ടപ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘നാനും റൗഡി താന്‍ സിനിമയുടെ ഷൂട്ടിന്റെ ആദ്യത്തെ ദിവസം തന്നെ ഞാനും വിഘ്‌നേശും തമ്മില്‍ അടിയായി. ആ കഥാപാത്രം എങ്ങനെ ചെയ്തു ഫലിപ്പിക്കണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. വിഘ്‌നേശ് ആണെങ്കില്‍ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തരുന്നുമില്ല. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞു തന്നൂടെ എന്ന് വിക്കിയോട് ഞാന്‍ ദേഷ്യപ്പെട്ട് ചോദിച്ചു.

ഞങ്ങളുടെ വഴക്ക് കണ്ട് നയന്‍താരയും വല്ലാതായി. പാണ്ടി എന്ന കഥാപാത്രത്തെപ്പറ്റി വായിക്കുമ്പോള്‍ നമുക്ക് സിമ്പിളായി തോന്നും. പക്ഷേ ആ കഥാപാത്രം ചെയ്യാന്‍ നല്ല പാടാണ്. പാണ്ടി ചില സീനില്‍ കരയുമ്പോള്‍ നമുക്ക് ചിരി വരണം. അതുപോലെ ചില സീനില്‍ വല്ലാതെ സീരിയസാകണം. അവന്‍ നല്ലവനാണ്, അതേ സമയം ഫ്രോഡുമാണ്. ആ സമയത്ത് വിഷ്ണു വിശാല്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യം പറഞ്ഞു.

അവനും ഈ കഥയറിയാവുന്നതുകൊണ്ട് എന്നെ ഉപദേശിച്ചു. ചെയ്ത് ഫലിപ്പിക്കാന്‍ കുറച്ച് പ്രയാസമുള്ള ക്യാരക്ടറാണിത്. പക്ഷേ വിക്കിയോട് സംസാരിച്ചുനോക്ക്, അവന്റെ കൈയില്‍ എന്തെങ്കിലും ഐഡിയ ഉണ്ടാകും എന്ന് പറഞ്ഞു. പിന്നീട് ഞാനും വിക്കിയും ഡിസ്‌കസ് ചെയ്താണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്,’ വിജയ് സേതുപതി പറഞ്ഞു.

Content highlight: Vijay Sethupathi about the shooting experience with Vignesh Shivan