സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. വിജയ് ദേവരകൊണ്ടയും ഷാലിനി പാണ്ഡെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തമിഴില്‍ ആദിത്യ വര്‍മയെന്നും കബീര്‍ സിങ്ങായി ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്.
ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാത്ത അമിത മദ്യപാനിയായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ പ്രേമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അര്‍ജുന്‍ റെഡ്ഡി ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നെങ്കിലും ചിത്രം സ്ത്രീ വിരുദ്ധതയെയും അക്രമസ്വഭാവത്തെയും ടോക്‌സിക് റിലേഷന്‍ഷിപ്പിനെയും മഹത്വവല്‍ക്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു.
2017ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഏഴാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വിജയ് ദേവരകൊണ്ടയുടെ എക്സിലെ ട്വീറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ ഫുള്‍ കട്ട് ഇറക്കണമെന്ന് വിജയ് സംവിധായകന്‍ സന്ദീപ് വംഗയോട് ആവശ്യപ്പെടുന്നതാണ് ട്വീറ്റിന്റെ ഉള്ളടക്കം.
‘അര്‍ജുന്‍ റെഡ്ഢിയുടെ പത്താം വാര്‍ഷികത്തിന് സന്ദീപ് വംഗ അര്‍ജുന്‍ റെഡ്ഡി ഫുള്‍ കട്ട് ജനങ്ങള്‍ക്ക് നല്‍കണം. ഇത്രപെട്ടെന്ന് അര്‍ജുന്‍ റെഡ്ഡി ഏഴ് വര്‍ഷമായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. പല നിമിഷങ്ങളും കഴിഞ്ഞ വര്‍ഷം നടന്ന പോലെ എനിക്കോര്‍മയുണ്ട്,’ വിജയ് ദേവരകൊണ്ട എക്സില്‍ കുറിച്ചു.
അര്‍ജുന്‍ റെഡ്ഡി ഇപ്പോള്‍ 3 മണിക്കൂറും 2 മിനിറ്റും ധൈര്‍ക്യമുള്ള ചിത്രമാണ്. നാല് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ളതാണ് അര്‍ജുന്‍ റെഡ്ഡിയുടെ ‘ഫുള്‍ കട്ട്’ വേര്‍ഷന്‍.
സന്ദീപ് വംഗയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ അനിമല്‍ ആഗോളതലത്തില്‍ 900 കോടിയോടടുത്ത് കളക്ഷന്‍ നേടിയിരുന്നു. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലും അതിലെ ആല്‍ഫ മെയില്‍ പദപ്രയോഗങ്ങള്‍ കൊണ്ടും അസഹനീയമായ പുരുഷാധിപത്യം കാണിക്കുന്നതുകൊണ്ടും ഒട്ടനവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.