പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് സംശയം; കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും
Kerala News
പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് സംശയം; കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st July 2021, 8:58 am

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ.എം. ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളില്‍ ചിലത് വ്യാജമാണോയെന്ന സംശയം കേസ് അന്വേഷിക്കുന്ന വിജിലന്‍സിനുണ്ട്.

ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ
ഭാഗമായാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്.

തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു.
എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ്  സംശയിക്കുന്നത്.

മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ.എം. ഷാജി മൊഴി നല്‍കിയിരുന്നത്.

നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്.

ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു.

തുടര്‍ന്ന് ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.ആര്‍. ഹരീഷ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് കേസ് എടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാജിയുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Vigilance will question KM Shaji again  in a case of illegal acquisition of property.