ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ പൊടിച്ചത് കോടികള്‍; ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം
Daily News
ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ പൊടിച്ചത് കോടികള്‍; ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2016, 4:23 pm

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ കോടികള്‍ ചെലവിട്ടെന്ന പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ചീഫ് സെക്രട്ടറിയായിരിക്കെ ജിജി തോംസണ്‍ ഔദ്യോഗിക വസതിക്കായി കോടികള്‍ ചെലവഴിച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതാണ്ടു പൂര്‍ത്തിയായിരിക്കേ തലസ്ഥാനത്തു തന്നെ മറ്റൊരു വീട് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചു മോടിപിടിപ്പിച്ചെന്നാണ് ആക്ഷേപം.

വീടിന്റെ കുളിമുറിക്കു മാത്രം 60 ലക്ഷം രൂപയോളം ചെലവിട്ടെന്നും ആക്ഷേപമുണ്ട്. വീടു മോടിപിടിപ്പിക്കുന്നതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി, അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ അന്വേഷണം ആവശ്യമില്ലെന്ന് ഫയലില്‍ കുറിച്ചു. അന്നു നിലച്ച അന്വേഷണമാണ് ഇപ്പോള്‍ വീണ്ടും ഊര്‍ജിതമാകുന്നത്.