Entertainment
സംഭാഷണങ്ങളാല്‍ മൂര്‍ച്ച കൂടിയ വിടുതലൈ 2
അമര്‍നാഥ് എം.
2024 Dec 20, 10:46 am
Friday, 20th December 2024, 4:16 pm

‘ആദര്‍ശങ്ങളില്ലാത്ത നേതാക്കന്മാര്‍ എപ്പോഴും ആരാധകരെ മാത്രമേ സൃഷ്ടിക്കുള്ളൂ, സമൂഹത്തിന്റെ മൂന്നോട്ടുപോക്കിന് അത് വഴിവെക്കില്ല’ വിടുതലൈ 2 കണ്ടു കഴിഞ്ഞിട്ടും മനസില്‍ തങ്ങിനില്‍ക്കുന്ന ഡയലോഗുകളിലൊന്നാണ് ഇത്. എന്നാല്‍ ഇത് മാത്രമല്ല, കാണുന്ന ഒരോ പ്രേക്ഷകനെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഇതുപോലെ ഒരുപാട് ഡയലോഗുകളാല്‍ സമ്പന്നമാണ് വിടുതലൈ 2.

വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന ഗവണ്മെന്റിനെതിരെ പോരാടുന്ന ‘മക്കള്‍ പടൈ’ എന്ന സായുധസേനയും അവരെ തടവിലാക്കാന്‍ ശ്രമിക്കുന്ന പൊലീസിന്റെ കഥയും പറഞ്ഞ ചിത്രമായിരുന്നു വിടുതലൈയുടെ ആദ്യഭാഗം. മക്കള്‍ പടൈയുടെ നേതാവായ വാദ്ധ്യാരെ കുമരേശന്‍ എന്ന കോണ്‍സ്റ്റബിള്‍ അറസ്റ്റ് ചെയ്യുന്നിടത്താണ് ആദ്യഭാഗം അവസാനിച്ചത്.

പെരുമാള്‍ എന്ന സാധാരണ സ്‌കൂള്‍ അധ്യാപകന്‍ എങ്ങനെ വാദ്ധ്യാര്‍ എന്ന നേതാവായി എന്നതും അയാളുടെ ആദര്‍ശങ്ങളെ ഗവണ്മെന്റ് എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നുമാണ് രണ്ടാം ഭാഗം കാണിക്കുന്നത്. ആദ്യഭാഗത്തെപ്പോലെ ‘എ’ സര്‍ട്ടിഫിക്കറ്റാണ് രണ്ടാം ഭാഗത്തിനും സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

ആദ്യഭാഗത്തില്‍ മനസിനെ വീര്‍പ്പുമുട്ടിക്കുന്ന പൊലീസ് ക്രൂരത കാരണമാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശക്തമായ രാഷ്ട്രീയ സംഭാഷണങ്ങളും അമിതമായ വയലന്‍സും കാരണമാണ് സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഒരേ സേനയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കിടയിലുള്ള വിവേചനവും അതിലെ ജാതീയമായ അടിച്ചമര്‍ത്തലും വ്യക്തമായി കാണിച്ച ചിത്രമായിരുന്നു വിടുതലൈ 1. രണ്ടാം ഭാഗത്തില്‍ അത് സമൂഹമൊട്ടാകെ എക്കാലവും നടക്കുന്ന അടിച്ചമര്‍ത്തലിനെ ശക്തമായി വിമര്‍ശിക്കുന്ന ഒന്നായി മാറി. തൊഴിലിടങ്ങളിലെ ചൂഷണത്തെയും സാമൂഹിക അസമത്വത്തിനെതിരെയും പോരാടേണ്ടത് ജനങ്ങള്‍ തന്നെയാണെന്ന് അടിവരയിട്ട് പറയുകയാണ് വെട്രിമാരന്‍ രണ്ടാം ഭാഗത്തിലൂടെ.

ഓരോ ഡയലോഗും ശക്തമായതും മൂര്‍ച്ചയുള്ളതുമാണ് എന്നതാണ് വിടുതലൈ 2വിന്റെ പ്രത്യേകത. ഏത് നാട്ടിലായാലും താഴേക്കിടയിലുള്ള സാധരണക്കാരുടെ പ്രശ്‌നങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരിക്കുമെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം അവയെല്ലാം ബ്ലര്‍ ചെയ്ത് കാണിച്ചത് ചരിത്രത്തെ ഭരണകൂടം മറച്ചുവെച്ചതായി തോന്നി.

ഭരണകൂടത്തിനെതിരെയുള്ള സായുധപോരാട്ടത്തെക്കാള്‍ വോട്ട് ഉപയോഗിച്ചുള്ള പോരാട്ടമാണ് എപ്പോഴും പ്രാവര്‍ത്തികമാവുക എന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. അതിനായി സാധാരണക്കാരര്‍ക്ക് കൃത്യമായ രാഷ്ട്രീയവിദ്യാഭ്യാസം ആവശ്യമാണെന്നും നമ്മള്‍ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങള്‍ ആരും തളികയില്‍ വെച്ച് നീട്ടിയതല്ലെന്നും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.

അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാല്‍ വിജയ് സേതുപതിയാണ് ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. സാധാരണ സ്‌കൂള്‍ അധ്യാപകനും, നല്ലൊരു ഭര്‍ത്താവും, അതിനെക്കാളുപരി മികച്ചൊരു നേതാവുമായി അസാധ്യ പ്രകടനമാണ് ‘മക്കള്‍ സെല്‍വന്‍’ കാഴ്ചവെച്ചിരിക്കുന്നത്. സിംഗള്‍ ഷോട്ടില്‍ എടുത്ത സീനുകളില്‍ അയാളിലെ നടന്റെ കൈയടക്കം എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. മറ്റ് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വാധ്യാര്‍ എന്ന കഥാപാത്രത്തിലൂടെ രണ്ടാമത്തെ ദേശീയ അവാര്‍ഡ് വിജയ് സേതുപതി സ്വന്തമാക്കിയേക്കും.

വിജയ് സേതുപതി കഴിഞ്ഞാല്‍ പിന്നീട് ഞെട്ടിച്ചത് മഞ്ജു വാര്യറാണ്. ഇതുവരെ കാണാത്ത ലുക്കിലാണ് മഞ്ജു ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മഹാലക്ഷ്മി എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ മഞ്ജുവിന് സാധിച്ചു. എന്തിന് മുടി മുറിച്ചു എന്ന് വിശദീകരിക്കുന്നരംഗം തിയേറ്ററില്‍ കൈയടി നേടി. മഞ്ജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മഹാലക്ഷ്മിയെന്ന് നിസംശയം പറയാം.

ആദ്യഭാഗത്തില്‍ നിറഞ്ഞുനിന്ന സൂരിക്ക് രണ്ടാം ഭാഗത്തില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ അവസാന പത്ത് മിനിറ്റില്‍ അയാളിലെ നടനെ മാക്‌സിമം ഉപയോഗിക്കാന്‍ സംവിധായകന് സാധിച്ചു. കെന്‍ കരുണാസാണ് ഞെട്ടിച്ച് കളഞ്ഞ മറ്റൊരു നടന്‍. കറുപ്പന്‍ എന്ന കഥാപാത്രത്തെ വെച്ച് ഒരു സ്പിന്‍ ഓഫ് വരണമെന്ന് സിനിമ കണ്ടപ്പോള്‍ തോന്നിപ്പോയി.

ആദ്യഭാഗത്തില്‍ എല്ലാവരുടെയും ദേഷ്യം പിടിച്ചുപറ്റിയ രാഘവേന്ദര്‍ എന്ന പൊലീസുകാരനായി വേഷമിട്ട ചേതനും രണ്ടാം ഭാഗത്തില്‍ അതേ ലെവലില്‍ തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്. ആ കഥാപാത്രത്തോട് തോന്നുന്ന വെറുപ്പ് തന്നെയാണ് അയാളിലെ നടന്റെ വിജയവും.

രാജീവ് മേനോന്‍ അവതരിപ്പിച്ച ചീഫ് സെക്രട്ടറി സുബ്രഹ്‌മണ്യനും ഗംഭീര കഥാപാത്രമായിരുന്നു. ഗവണ്മെന്റിന്റെ ചട്ടുകമായി മാറുന്ന ബ്യൂറോക്രാറ്റിന്റെ എല്ലാ ശരീരഭാഷയും അയാളില്‍ ഭദ്രമായിരുന്നു. വാധ്യാര്‍ എന്ന നേതാവിനെ ജനം എങ്ങനെ കാണണമെന്ന് തീരുമാനിക്കുന്ന ഡയലോഗുകളെല്ലാം തീവ്രതയേറിയതാണ്.

ഇത്രയും ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിന് ചേരുന്ന തരത്തില്‍ സംഗീതമൊരുക്കാന്‍ ഇളയരാജക്ക് സാധിച്ചില്ല എന്നതാണ് നെഗറ്റീവായി തോന്നിയത്. ജി.വി. പ്രകാശ് അല്ലെങ്കില്‍ ഇളയരാജ എന്നിവരുടെ രീതിയാണ് ഇത്തരം സിനിമകള്‍ക്ക് ചേരുന്നതെന്ന് തോന്നിപ്പോയി.

ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കൃത്യമായി അടയാളപ്പെടുത്തിയ ജാക്കിയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍, വേല്‍രാജിന്റെ ഛായാഗ്രഹണം എന്നിവ വിടുതലൈയെ കൂടുതല്‍ മികച്ചതാക്കി.

ആദ്യഭാഗത്തില്‍ നായികയായ ഭവാനി ശ്രീയുടെ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്ന് കാണിക്കാതെ ഇരുന്നതും നാല് മണിക്കൂറോളം വരുന്ന സിനിമയെ മൂന്ന് മണിക്കൂറിന് താഴെയായി വെട്ടിക്കുറിച്ചതും ന്യൂനതയായി തോന്നി. എന്നിരുന്നാലും ഒരു കാലഘട്ടത്തിന്റെ പോരാട്ടത്തെയും അതിന്റെ അനന്തരഫലങ്ങളെയും വരച്ചുകാണിച്ച മികച്ചൊരു ചിത്രം തന്നെയാണ് വിടുതലൈ 2.

Content Highlight: Viduthalai 2 movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം