Entertainment
തമിഴിലെ ഏറ്റവും അണ്ടര്‍റേറ്റഡായ സംവിധായകന്‍, തമിഴ് സിനിമ അദ്ദേഹത്തെ എന്തുകണ്ട് ഇതുവരെ ആഘോഷിക്കുന്നില്ലെന്ന് ആലോചിക്കാറുണ്ട്: പൃഥ്വിരാജ്

രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.

തമിഴില്‍ പൃഥ്വിരാജിന് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാധാ മോഹന്‍. മൊഴി, അഭിയും നാനും എന്നീ ചിത്രങ്ങള്‍ പൃഥ്വിക്ക് കൂടുതല്‍ ജനപ്രീതി നല്‍കി. രാധാമോഹന്‍ തമിഴിലെ ഏറ്റവും അണ്ടര്‍റേറ്റഡായിട്ടുള്ള സംവിധായകനാണെന്ന് പറയുകയാണ് പൃഥ്വിരാജ്. രണ്ട് സിനിമയില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ എത്രമാത്രം ടാലന്റുള്ളയാളാണ് രാധാ മോഹനെന്നും പൃഥ്വിരാജ് പറഞ്ഞു.

എന്നാല്‍ തമിഴ് സിനിമ അദ്ദേഹത്തെ അധികം ആഘോഷിച്ചിട്ടില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. അര്‍ഹിക്കുന്ന പരിഗണന ഒരിക്കലും രാധാ മോഹന് ലഭിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഏത് ഭാഷയിലും വര്‍ക്കാകാന്‍ സാധ്യതയുള്ള തീമാണ് അദ്ദേഹത്തിന്റെ സിനിമകളുടേതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. മൊഴി എന്ന സിനിമ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പൃഥ്വി പറയുന്നു.

തമിഴിലെ മികച്ച ഛായാഗ്രഹകനും സംവിധായകനുമായ കെ.വി. ആനന്ദിനെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. തമിഴിലെ എന്നല്ല, ഇന്ത്യയിലെ മികച്ച ഛായാഗരഹകരിലൊരാളായിരുന്നു കെ.വി. ആനന്ദെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ തന്റെ ഏതെങ്കിലും സിനിമയില്‍ കൂടെ കൂട്ടിയേനെയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘തമിഴിലെ ഏറ്റവും അണ്ടര്‍റേറ്റഡായിട്ടുള്ള സംവിധായകനാണ് രാധാ മോഹന്‍. രണ്ട് സിനിമകള്‍ മാത്രമേ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുള്ളൂ. അതിലൂടെ രാധാ മോഹന്‍ സാറിന്റെ ടാലന്റ് മനസിലായി. എന്തുകൊണ്ട് അദ്ദേഹത്തെ തമിഴ് സിനിമ ഇപ്പോഴും വേണ്ട രീതിയില്‍ ആഘോഷിക്കുന്നില്ല എന്ന് ആലോചിക്കാറുണ്ട്.

അദ്ദേഹത്തിന്റെ ടാലന്റ് മനസിലാക്കാന്‍ മൊഴി എന്ന ഒരൊറ്റ സിനിമ മതി. രാധാ മോഹന്‍ സാറിനെപ്പോലെ എടുത്തുപറയേണ്ട മറ്റൊരു പേരാണ് കെ.വി. ആനന്ദ് സാറിന്റേത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രഹകനാണ് ആനന്ദ് സാര്‍. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ ഒരു സിനിമയില്‍ അദ്ദേഹത്തെ വിളിച്ചേനെ,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj saying director Radha Mohan highly underrated in Tamil Cinema