'സ്ത്രീപക്ഷത്ത് നില്‍ക്കുന്നു എന്ന് പറയുന്ന നിര്‍മ്മാതാക്കളായ സംവിധായകര്‍ കടബാധ്യതയെ കുറിച്ച് പറഞ്ഞു, എന്നിട്ട് അവര്‍ പുതിയ പ്രൊജക്ടുകള്‍ ചെയ്തു'; എന്ത് കൊണ്ട് ബി. ഉണ്ണികൃഷ്ണന്‍ നിര്‍മ്മാതാവായി എന്ന് വിധു വിന്‍സെന്റ്
Malayalam Cinema
'സ്ത്രീപക്ഷത്ത് നില്‍ക്കുന്നു എന്ന് പറയുന്ന നിര്‍മ്മാതാക്കളായ സംവിധായകര്‍ കടബാധ്യതയെ കുറിച്ച് പറഞ്ഞു, എന്നിട്ട് അവര്‍ പുതിയ പ്രൊജക്ടുകള്‍ ചെയ്തു'; എന്ത് കൊണ്ട് ബി. ഉണ്ണികൃഷ്ണന്‍ നിര്‍മ്മാതാവായി എന്ന് വിധു വിന്‍സെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 3:54 pm

തന്റെ പുതിയ ചിത്രമായ സ്റ്റാന്‍ഡ് അപ്പിന്റെ നിര്‍മ്മാതാവായി ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും വന്നു എന്നതില്‍ വിശദീകരണവുമായി സംവിധായിക വിധു വിന്‍സെന്റ്. ചിത്രം നിര്‍മ്മിക്കാനാവശ്യമായ പണത്തിന് വേണ്ടി പല വഴിക്കും ശ്രമിച്ചെങ്കിലും ആവശ്യമായ പണം കണ്ടെത്താനാവാത്ത അവസ്ഥയുണ്ടായെന്നും വിധു പറഞ്ഞു. ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിധു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സ്ത്രീപക്ഷത്ത് നില്‍ക്കുന്നു എന്ന് പറയുന്ന നിര്‍മ്മാതാക്കള്‍ കൂടിയായ സംവിധായകരെ അടക്കം ഞാന്‍ സമീപിച്ചിട്ടുണ്ട്. അവരെല്ലാം അവരുടെ കടബാധ്യതകളെ കുറിച്ച് പറയുകയായിരുന്നു. അതേ സമയം ഞാന്‍ കാണുന്നത് അവര്‍ ഓരോ വര്‍ഷം പുതിയ പുതിയ പ്രൊജക്ടുകള്‍ ചെയ്യുന്നതാണ്. അതൊരു വലിയ വൈരുദ്ധ്യം നിറഞ്ഞ അവസ്ഥയാണ്. വല്ലാത്ത നിരാശ തോന്നി. ആ ഘട്ടത്തിലാണ് ഞാന്‍ ഈ പ്രൊജക്ട് പോലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന് വിധു വിന്‍സെന്റ് അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ നിന്നു പോയേക്കും എന്ന ഘട്ടത്തില്‍ എന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ ചില നിര്‍മ്മാതാക്കളെ ഞാന്‍ മെസേജിലൂടെയും ഫോണിലൂടേയും ബന്ധപ്പെട്ടു, അവരോട് സഹായം ചോദിച്ചു. സന്ദീപ് സേനനും, ബി.ഉണ്ണികൃഷ്ണനും അടക്കമുള്ളവര്‍ അതിനോട് പ്രതികരിച്ചു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ ബി.ഉണ്ണികൃഷ്ണന്‍ എന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കണം എന്നും പറഞ്ഞിരുന്നു. ആ ഉറപ്പിന്മേലാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. സിനിമ നിര്‍മ്മിക്കാമോ എന്നല്ല, ഏതെങ്കിലും നിര്‍മ്മാതാക്കളുടെ അടുത്തെത്താന്‍ സഹായിക്കാമോ എന്നാണ് ചോദിച്ചത്. പക്ഷെ അദ്ദേഹം പറഞ്ഞ ആളുകളൊക്കെ ആ സമയത്ത് മറ്റ് ചില സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. അടുത്ത സിനിമയുടെ സമയത്ത് സഹകരിക്കാം എന്നു പറഞ്ഞു. പിന്നീട് ബി.ഉണ്ണികൃഷ്ണന്‍ തന്നെ ഞങ്ങളെ വിയാകോം18മായി കണക്ട് ചെയ്തു തന്നു. മുംബൈയില്‍ പോയി ഞാനും ഉമേഷും അവരെ കണ്ടു. അവര്‍ക്ക് തിരക്കഥ ഇഷ്ടമായി. പക്ഷെ മൂന്ന് മാസത്തെ സമയം ചോദിച്ചു. അത്രയും കാത്തിരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അഭിനേതാക്കളുടെ ഒക്കെ ഡേറ്റ് ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കഥ പറയാന്‍ ഒരു അവസരം കിട്ടുക എന്നത് അത്യാവശ്യമാണ്. ഞാന്‍ ഡബ്ല്യൂസിസി അംഗമാണ്, ആദ്യ ചിത്രം മാന്‍ഹോളാണ് എന്നൊന്നുമുള്ള മുന്‍വിധികളോടെയല്ല അവരീ ചിത്രത്തിന് കൈ തന്നത്. അവരെ സംബന്ധിച്ചിടത്തോളം എന്നില്‍ അവര്‍ക്കൊരു വിശ്വാസം ഉണ്ടായിരുന്നു എന്നാണ് ഞാന്‍ അനുമാനിക്കുന്നത്. അതേസമയം ഇതിന്റെ ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് അവര്‍ രണ്ടു പേരും ഉറപ്പ് തന്നിരുന്നു. നിങ്ങളെ പോലൊരാള്‍ സിനിമ ചെയ്യാന്‍ ഇങ്ങനെ അലഞ്ഞു തിരിയേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

ഡബ്ലു.സി.സി അംഗമായ വിധു വിന്‍സെന്റിന്റെ ചിത്രം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്നതിനെ ചൊല്ലി ചര്‍ച്ചകളുണ്ടായിരുന്നു. എന്ത് കൊണ്ട് വിധു വിന്‍സെന്റിന്റെ ചിത്രം നിര്‍മ്മിച്ചുവെന്ന് ബി. ഉണ്ണികൃഷ്ണനും പ്രതികരിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു ബി.ഉണ്ണികൃഷ്ണന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോ സംരഭങ്ങള്‍ക്കും അടിത്തറയായി വരുന്നത് മൂലധനമാണെന്നും താന്‍ മാടമ്പിയും പ്രമാണിയും പോലുള്ള ചിത്രങ്ങള്‍ ചെയ്തുണ്ടാക്കിയ പണവും ആന്റോ ജോസഫ് മമ്മൂക്കയെ വച്ചെടുത്ത ഗാനഗന്ധര്‍വ്വന്റെയുമൊക്കെ പൈസ തന്നെയാണ് ഇതിലേക്ക് വന്നിരിക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകളുടേതായ ഒരു ഇടം ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നതില്‍ പ്രമുഖയായിട്ടുള്ളയാളാണ് വിധു വിന്‍സന്റ്. അര്‍ത്ഥവത്തായ സംവാദത്തിലും സൗഹൃദത്തിലും മാത്രമാണ് സിനിമയ്ക്കുള്ളിലെ രാഷ്ട്രീയ കൂട്ടായമകള്‍ക്ക് തമ്മില്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയു എന്ന ബോധ്യം എനിക്കും വിധു വിന്‍സന്റിനുമുണ്ട്. ആ ബോധ്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് വിധു വിന്‍സെന്റിനോട് ചിത്രം നിങ്ങളുടെ അടുത്ത ചിത്രം നിര്‍മ്മിക്കട്ടെയെന്ന് ചോദിച്ചത്. സന്തോഷം എന്ന് പറഞ്ഞ നിമിഷം ഞങ്ങള്‍ വിധുവിനോട് കടപ്പെട്ടിരിക്കുന്നു. കാരണം കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി സ്റ്റാന്‍ഡ് അപ്പിനെ കാണുന്നുവെന്നും’ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പൊളിറ്റിക്കല്‍ കറക്ടാണോ എന്നാണ് ചോദിക്കുന്നത്. തന്റെ പരിമിതമായ സൈദ്ധാന്തിക ജ്ഞാനത്തില്‍ മനസിലാക്കുന്നത് ഒരാള്‍ക്ക് ഒരിക്കലും പൊളിറ്റിക്കലി കറക്ടാകാന്‍ സാധിക്കില്ലെന്നാണെന്ന് ബി. ഉണ്ണികൃഷണന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ