ബാഗ്ദാദിയെ വേട്ടയാടിയത് ഇങ്ങനെ; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍; ട്രംപിന്റെ സ്ഥിരീകരണത്തില്‍ പിഴവുകള്‍- വീഡിയോ
World News
ബാഗ്ദാദിയെ വേട്ടയാടിയത് ഇങ്ങനെ; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍; ട്രംപിന്റെ സ്ഥിരീകരണത്തില്‍ പിഴവുകള്‍- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 11:26 am

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയെ കൊലപ്പെടുത്തിയ യു.എസ് സൈനിക നടപടിയുടെ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് പെന്റഗണ്‍. സിറിയന്‍ അതിര്‍ത്തിയിലുള്ള ബാഗ്ദാദിയുടെ ഒളിത്താവളം വളഞ്ഞ യു.എസ് പ്രത്യേക സൈന്യ വിഭാഗത്തിന്റെ നീക്കങ്ങളാണ് വീഡിയോയില്‍.

പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഫോട്ടോകളുള്‍പ്പെടെയുള്ളവയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫൂട്ടേജുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സംഘത്തിനുനേരെ യു.എസ് കമാന്‍ഡോകള്‍ വ്യോമാക്രമണം നടത്തുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യു.എസ് ഹെലികോപ്ടറുകള്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് ഇത്.

ഒളിത്താവളത്തിലേക്ക് യുദ്ധക്കോപ്പുകളുമായി ഇരച്ചുകയറിയ കമാന്‍ഡോകള്‍ തിരിച്ചുപോകുമ്പോഴേക്കും അവിടമാകെ ഗര്‍ത്തങ്ങള്‍ മാത്രമാണ് അവശേഷിച്ചതെന്ന് നാവികസേനാ മേധാവി കെന്നത്ത് മക്‌കെന്‍സി പറഞ്ഞു. ഞായറാഴ്ചത്തെ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങളും മക്‌കെന്‍സി പെന്റഗണുമായി പങ്കുവച്ചു.

ആക്രമണത്തില്‍ മൂന്ന് കുട്ടികളും കൊല്ലപ്പെട്ടെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബാഗ്ദാദിയുടെ കൊലപാതകം സ്ഥിരീകരിച്ചപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് കുട്ടികളാണ ബാഗ്ദാദിക്കൊപ്പം കൊല്ലപ്പെട്ടതെന്ന് മക്‌കെന്‍സി വ്യക്തമാക്കി.

12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പെട്ടിത്തെറിക്കുന്ന സമയത്ത് ബാഗ്ദാദി പൊട്ടിക്കരയുകയും വിതുമ്പുകയും ചെയ്‌തെന്ന ട്രംപിന്റെ പരാമര്‍ശവും മക്‌കെന്‍സി ചോദ്യം ചെയ്തു. ‘ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറയാം. രണ്ട് കുട്ടികളോടൊപ്പം അദ്ദേഹം ഒളിത്താവളത്തിനകത്തെ ചെറിയ അറയിലേക്ക് നീങ്ങി. തുടര്‍ന്ന് സ്വയം പൊട്ടിത്തെറിച്ചു. അദ്ദേഹത്തിന്റെ ആളുകള്‍ അപ്പോഴവിടെയുണ്ടായിരുന്നു’, മക്‌കെന്‍സി വിശദീകരിച്ചു.

ഒളിത്താവളത്തില്‍ ബാഗ്ദാദിക്കും കുട്ടികള്‍ക്കുമൊപ്പം നാല് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘സ്ത്രീകളിലൊരാള്‍ ചാവേറാകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അവര്‍ കമാന്‍ഡോകളെ ഭീഷണിപ്പെടുത്തി’- മക്‌കെന്‍സി പറഞ്ഞു.

‘വ്യോമാക്രമണത്തിലും ആളുകള്‍ കൊല്ലപ്പെട്ടു. എത്രപേരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല’.

കൊല്ലപ്പെട്ടത് ബാഗ്ദാദിതന്നെയാണെന്ന് ഡി.എന്‍.എ ടെസ്റ്റിലൂടെ വ്യക്തമായിട്ടുണ്ടെന്നും ഡി.എന്‍.എ ഫലം 2004ല്‍ ഇറാഖി ജയലില്‍നിന്നും ശേഖരിച്ച ബാഗ്ദാദിയുടെ ഡി.എന്‍.എയുമായി യോജിച്ചെന്നും കെന്നത്ത് മക്‌കെന്‍സി പറഞ്ഞു.

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സൈനിക നടപടിയില്‍ ബാഗ്ദാദിയുടെ പ്രധാന അനുയായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.