ദൈവത്തില്‍ മാത്രം അധിഷ്ഠിതമായി ജീവിക്കുന്ന ഒരു സന്യാസി 5 ലക്ഷത്തിനും, 50,000ത്തിനും, 5,000ത്തിനുമുള്ള നവരാത്രി ടിക്കറ്റുകള്‍ വില്‍ക്കുമോ? പറഞ്ഞത് തമിഴ്‌നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജനാണ്. സദ്ഗുരു എന്ന് ഭക്തര്‍ക്കിടയില്‍ അറിയപ്പെടുന്ന ജഗ്ഗി വാസുദേവിനെതിരെയുള്ള വിമര്‍ശനങ്ങളാണ് ഇവയെല്ലാം.
പി.ടി.ആറിന്റെ വിമര്‍ശനത്തിലൂടെ വീണ്ടും ആത്മീയഗുരു ജഗ്ഗി വാസുദേവും അദ്ദേഹത്തിന്റെ സ്ഥാപനമായ ഇഷ യോഗ സെന്ററും ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയാണ്. പളനിവേല്‍ ത്യാഗരാജന്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടെ ജഗ്ഗിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണം.
ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിധിയില്‍ നിന്ന് ചില ക്ഷേത്രങ്ങളെ ഒഴിവാക്കി നടത്തിപ്പ് അവകാശം ഭക്തര്‍ക്ക് നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നവരില്‍ പ്രധാനിയാണ് ജഗ്ഗി വാസുദേവ്. ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നാണ് ജഗ്ഗി വാസുദേവിന്റെ പ്രധാന വാദം. തുടര്‍ന്ന് ജഗ്ഗി വാസുദേവിനെതിരെ തമിഴ്‌നാട്ടില്‍ രൂക്ഷവിമര്‍ശനമുയരുകയാണ്.
കോയമ്പത്തൂരിലെ ജഗ്ഗിയുടെ സ്ഥാപനമായ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മാണത്തില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പ്രതിഷേധമുയരുന്നത്. നിര്‍മ്മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരും പറയുന്നുണ്ട്.
ഈ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ജഗ്ഗി വാസുദേവ് എന്ന ആത്മീയ നേതാവിന്റെ മറവില്‍ നടക്കുന്നത് കടുത്ത നിയമലംഘനങ്ങളാണെന്ന് തെളിയുന്നത്. ദേശീയ മാധ്യമമായ ന്യൂസ് ലൗണ്‍ട്രിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കോയമ്പത്തൂരിലെ ഇക്കരായി ബോലാംപ്പെട്ടി എന്ന ആദിവാസി ഗ്രാമം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് 150 ഏക്കര്‍ വരുന്ന ജഗ്ഗിയുടെ ഇഷ യോഗ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. 1994-2011 കാലത്തിനിടയ്ക്കാണ് ഇഷയുടെ പണി പൂര്‍ത്തിയായത്.
നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലെ ആനകളുടെ ആവാസ കേന്ദ്രമായ ബോലാംപ്പെട്ടി റിസര്‍വ് ഫോറസ്റ്റിനോട് ചേര്‍ന്നാണ് യോഗ സെന്ററിന്റെ കാമ്പസ്. തമിഴ്നാട്ടിലെ വനമേഖലയിലെ വന്യമൃഗങ്ങളെയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിനായി 1990-ല്‍ സ്ഥാപിതമായ ഹില്‍ ഏരിയ കണ്‍സര്‍വേഷന്‍ അതോറിറ്റി അഥവാ എച്ച്.എ.സി.എയാണ് ഈ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ഇവിടെ, 300 ചതുരശ്ര മീറ്ററിലധികം സ്ഥലത്ത് നിര്‍മ്മാണം നടത്തണമെങ്കില്‍ എച്ച്.എ.സി.എയുടെ അനുമതി വേണമെന്നിരിക്കെ 1994 മുതല്‍ 2011 വരെ 63,380 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇഷയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 1,406.62 ചതുരശ്ര മീറ്ററില്‍ ഇക്കരായി ബോലാംപ്പെട്ടിയില്‍ ഒരു കൃത്രിമ തടാകം നിര്‍മ്മിച്ചുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നതായി ന്യൂസ് ലൗണ്‍ട്രി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഏകദേശം 32,855 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ സ്ഥാപനം പണിയാന്‍ അനുമതി ലഭിച്ചതായാണ് ജഗ്ഗി വാസുദേവിന്റെ വാദം. എന്നാല്‍ എച്ച്.എ.സി.എയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളല്ല എന്നതാണ് നിയമം. പിന്നെ എങ്ങനെയാണ് ആദിവാസികളുടെ ആവാസകേന്ദ്രമൊഴിപ്പിച്ച് ജഗ്ഗി വാസുദേവ് തന്റെ സാമ്രാജ്യമായ ഇഷ ആ മണ്ണില്‍ കെട്ടിപ്പൊക്കിയത്.
അവിടെയാണ് വലതുപക്ഷ സന്യാസിയെന്ന ജഗ്ഗിയുടെ മേല്‍വിലാസം ഉപയോഗിപ്പെടുന്നത്. നിയമലംഘനങ്ങളും വിവാദ പ്രസ്താവനകളും വലതുപക്ഷ ചായ്വും പ്രകടമാക്കിയ ജഗ്ഗി വാസുദേവ് എന്ന മിസ്റ്റിക്, മാന്‍. ഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു?
1957 -ല്‍ ഇന്ത്യയിലെ മൈസൂരില്‍ കുടിയേറിപ്പാര്‍ത്ത ഒരു തെലുങ്കു കുടുംബത്തില്‍ ജനിച്ചയാളാണ് ജഗദീഷ് വാസുദേവ് എന്ന ജഗ്ഗി. അച്ഛന്‍ ഇന്ത്യന്‍ റെയില്‍വേയ്സിലെ ഒരു നേത്രരോഗവിദഗ്ധനായിരുന്നു. അമ്മ ഒരു സാധാരണ വീട്ടമ്മയും. ഇവരുടെ നാലുമക്കളില്‍ ഇളയവനായ ജഗ്ഗി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മൈസൂര്‍ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. അതിനിടെ തന്റെ ആദ്യ ബിസിനസ്സ് സംരംഭമായ കോഴിവളര്‍ത്തലിലേക്ക് കടന്നു. എന്നാല്‍ അതും നേരെ കൊണ്ടുപോകാന്‍ ജഗ്ഗിയ്ക്ക് കഴിഞ്ഞില്ല.
1982 ല്‍ തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ആത്മീയ ബോധോദയമുണ്ടായതിനെത്തുടര്‍ന്ന് ജഗ്ഗി തന്റെ ബിസിനസ്സ് എല്ലാം സുഹൃത്തിനെ എല്‍പ്പിച്ച് ലോക സഞ്ചാരമാരംഭിച്ചുവെന്നാണ് കഥ. 1983-ല്‍ മൈസൂരില്‍, ഏഴു പേരെ വെച്ച് ഒരു യോഗാ ക്ലാസ്സ് ജഗ്ഗി ആരംഭിച്ചു. പോകെപ്പോകെ ജഗ്ഗിയുടെ പ്രശസ്തി യോഗാചാര്യനെന്ന നിലയില്‍ ഉയര്‍ന്നു.
ഇതിനിടെ വിജയകുമാരി എന്ന സ്ത്രീയെ ജഗ്ഗി വിവാഹം കഴിച്ചെന്നും അവരുടെ മരണത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ജഗ്ഗിയുടെ പിന്നാലെ കൂടിയതും ചരിത്രം. വിജയകുമാരിയുടെ മരണത്തെപ്പറ്റി 1997 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു വാര്‍ത്ത അച്ചടിച്ചുവന്നതല്ലാതെ ജഗ്ഗിയ്‌ക്കെതിരെ കാര്യമായ തെളിവുകളൊന്നും കണ്ടെത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും ജഗ്ഗി സദ്ഗുരുവായി മാറിക്കഴിഞ്ഞിരുന്നു. അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളില്‍ തന്റെ സാമ്രാജ്യം കെട്ടിയുയര്‍ത്താനും ജഗ്ഗിയ്ക്ക് കഴിഞ്ഞതോടെ കേസിനെപ്പറ്റിയുള്ള വിവാദങ്ങള്‍ മാഞ്ഞുപോയി.
ചായ്വ് എന്നും വലതുപക്ഷത്തോട് മാത്രം
ജഗ്ഗി ഒരു വലതുപക്ഷ സന്യാസിയാണെന്നാണ് അറിയപ്പെടുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വ് ഇല്ലെന്ന് പറയുന്ന ജഗ്ഗിയുടെ ഓരോ പ്രസ്താവനയില്‍ നിന്നും വലതുപക്ഷ രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ബാബരി മസ്ജിദ് തകര്‍ത്തതിനെ അനുകൂലിച്ചയാളാണ് ജഗ്ഗി വാസുദേവ്. അതുമാത്രമല്ല ഹിന്ദുത്വ സര്‍ക്കാരിന്റെ അഭിമാന തീരുമാനങ്ങളായ പൗരത്വഭേദഗതിയേയും ഗോവധ നിരോധനത്തെയും ജഗ്ഗി ശക്തമായി പിന്തുണച്ചിരുന്നു. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ കാരണം ഗോവധ നിരോധനം നടപ്പാക്കാത്തതാണെന്നാണ് ജഗ്ഗിയുടെ അവകാശവാദം. പശുക്കള്‍ മനുഷ്യരെപ്പോലെയാണെന്നും അവയെ കശാപ്പു ചെയ്യാന്‍ പാടില്ലെന്നും ജഗ്ഗി പറഞ്ഞിരുന്നു.
പൗരത്വനിയമഭേദഗതിയെപ്പറ്റിയും ജഗ്ഗി നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു.
‘ഒരു രാജ്യം ഭരിക്കണമെങ്കില്‍ അതിനുള്ളില്‍ താമസിക്കുന്നവര്‍ ആരൊക്കെ എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ഇവിടെയുള്ളവര്‍ക്ക് വേണ്ട തൊഴില്‍ നല്‍കാന്‍ കഴിയാതെ, ബംഗ്ലാദേശില്‍ നിന്നുള്ളവരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്, ‘സ്വന്തം കുട്ടി പട്ടിണി കിടന്നു മരിക്കുമ്പോഴും മറ്റുള്ളവരുടെ കുട്ടികളെ ഊട്ടുന്നത് പോലെയാണ്’, എന്നായിരുന്നു ജഗ്ഗിയുടെ പ്രസ്താവന.
കാവേരി കോളിംഗ് വിവാദവും കര്‍ണ്ണാടക ഹൈക്കോടതി വിമര്‍ശനവും
ജഗ്ഗി വാസുദേവിന്റെ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ക്യാംപെയിനുകളിലൊന്നാണ് കാവേരി കോളിംഗ്. ജഗ്ഗിയുടെ ഇഷ ഫൗണ്ടേഷന്‍ വറ്റിവരണ്ടു കൊണ്ടിരിക്കുന്ന കാവേരി നദിയെ മരങ്ങള്‍ വെച്ചു പിടിപ്പിച്ചുകൊണ്ട് പുനരുജീവിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കാവേരി കോളിംഗ് എന്ന ക്യാംപെയ്നുമായി രംഗത്ത് വന്നത്.
242 കോടി മരങ്ങളാണ് വെച്ചുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഇഷ ഫൗണ്ടേഷന്റെ വെബ് സൈറ്റില്‍ പറഞ്ഞിരുന്നത്. ഒരു മരത്തിന് 42 രൂപ ചിലവ് വരുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. അതിനായി ജനങ്ങളില്‍ നിന്നും സംഭാവന പിരിക്കുകയും ചെയ്തിരുന്നു.
അങ്ങനെയെങ്കില്‍ ഒരു മരത്തിന് 42 രൂപ എന്ന കണക്കില്‍ 242 കോടി മരങ്ങള്‍ക്ക് 10,164 കോടി രൂപയാണ് ഇഷ ഫൗണ്ടേഷന്‍ ലക്ഷ്യം വെച്ചത്. ഇത്രയും ഭീമമായ തുക പിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന, അതിനുള്ള പണപ്പിരിവുകള്‍ ആരംഭിച്ച ഇഷ ഫൗണ്ടേഷന്‍ നിയമപ്രകാരമുള്ള യാതൊരു വിധ രജിസ്ട്രേഷനും നടത്തിയിട്ടില്ല. ട്രസ്റ്റായോ കമ്പനിയായോ സൊസൈറ്റിയായോ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനമാണ് ഇഷ ഫൗണ്ടേഷന്‍.
ഈ വിഷയം ചൂണ്ടിക്കാട്ടി എ.വി അമര്‍നാഥ് എന്ന വ്യക്തി പരാതി നല്‍കുകയും ചെയ്തു. പരാതി പരിശോധിച്ച കര്‍ണ്ണാടക ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ ജഗ്ഗിയെ വിമര്‍ശിക്കുകയും ചെയ്തു.
കാവേരി കോളിംഗ് എന്ന ക്യാംപെയ്ന് നേരെയും നിരവധി പരാതികളുയര്‍ന്നിരുന്നു. കൃത്യമായ പഠനങ്ങള്‍ നടത്താതെ മരങ്ങള്‍ വെച്ചുപ്പിടിക്കാന്‍ ഇറങ്ങി തിരിക്കുന്നത് ആവാസ വ്യവസ്ഥയില്‍ തന്നെ വലിയ പ്രശ്നങ്ങള്‍ വരുത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറഞ്ഞിരുന്നു.
ജഗ്ഗിയുടെ കോയമ്പത്തൂരിലെ സാമ്രാജ്യം പ്രതിസന്ധിയിലാകുമോ?
തമിഴ്‌നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജന്‍ തന്നെയാണ് ജഗ്ഗിയുടെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനെപ്പറ്റി ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇതില്‍ നിന്നും ജഗ്ഗിക്ക് തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ ഇനിയത്ര എളുപ്പമാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ദ്രാവിഡ മുന്നണി അധികാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ വലതുപക്ഷാനുകൂലിയായ ജഗ്ഗിയ്ക്ക് യാതൊരു ഇളവും കിട്ടില്ലെന്നു തന്നെയാണ് പളനിവേല്‍ ത്യാഗരാജന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.