Film News
ഫ്രീ ആണെങ്കില്‍ പറയൂ, നമുക്കൊന്ന് കാണാം; വിനീതിന് മറുപടിയുമായി വെങ്കട് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 06, 10:06 am
Wednesday, 6th April 2022, 3:36 pm

തമിഴിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് വെങ്കട് പ്രഭു. മങ്കാത്തെ, ചെന്നൈ 600028, സരോജ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്. അടുത്തിടെ പുറത്ത് വന്ന മാനാടും വലിയ ഹിറ്റായിരുന്നു.

നേരത്തെ വെങ്കട് പ്രഭുവിന്റെ സരോജ കണ്ട് അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് സംവിധാനം ചെയ്തത് എന്ന് വിനീത് സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിനീതിന്റെ വാക്കുകള്‍ക്ക് നന്ദി അറിയിക്കുകയാണ് വെങ്കട് പ്രഭു.

വിനീത് പറഞ്ഞത് കേട്ട് സന്തോഷമായെന്നും ഷൂട്ട് ഇല്ലാതെ ഫ്രീ ആയി ഇരിക്കുകയാണെങ്കില്‍ ഉറപ്പായും കാണണമെന്നും വെങ്കട് പ്രഭു പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിനീത് പറഞ്ഞത് കേട്ട് വളരെ സന്തോഷമായി. എന്റെ സരോജ എന്ന സിനിമ കണ്ടിട്ടാണ് ആദ്യത്തെ സിനിമ ചെയ്തത് എന്ന് പറഞ്ഞു. ഗംഭീര സംവിധായകനാണ് വിനീത്. മനോഹരമായി സിനിമകള്‍ എടുക്കുന്നു.

എന്റെ സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിനിമ എടുത്തു എന്ന് കേട്ടപ്പോള്‍ വളരെ സന്തോഷമായി. അദ്ദേഹത്തെ ഉറപ്പായും കാണും. ഷൂട്ടിംഗ് ഒന്നുമില്ലാതെ ഫ്രീ ആയി ഇരിക്കുകയാണെങ്കില്‍ പറയണം. ഒരു വലിയ പാര്‍ട്ടി തരാം,’ അദ്ദേഹം പറഞ്ഞു.

തമിഴ് സിനിമകള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു ഹൃദയം റിലീസ് ചെയ്തതിന് പിന്നാലെയുള്ള അഭിമുഖത്തില്‍ വിനീത് പറഞ്ഞത്.

‘2000 മുതല്‍ 2010 വരെ വന്ന തമിഴ് സിനിമകള്‍ നന്നായി സ്വാധിനിച്ചിട്ടുണ്ട്. ‘സുബ്രഹ്മണ്യപുരം’, ‘നാടോടികള്‍’, ‘ചെന്നൈ 28’ ഈ സിനിമകള്‍ ഒരുപാട് സ്വീധിനിച്ചിട്ടുണ്ട്. അതില്‍ അഭിനയിക്കുന്ന ആരേയും നമുക്ക് അറിയില്ല. പക്ഷേ ഒരു ജനകൂട്ടം മുഴുവന്‍ ആ സിനിമകള്‍ ആവേശത്തോടെ കണ്ടിരുന്നിട്ടുണ്ട്.

സരോജ എന്ന സിനിമ കണ്ടിട്ട് മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ നടക്കുന്നില്ലല്ലോ എന്ന് വിചാരിച്ചു. പുതുമുഖങ്ങളെ വെച്ച് നമ്മുടെ നാട്ടിലും ഒരു സിനിമ ചെയ്യാമല്ലോ. ആ ചര്‍ച്ചയില്‍ നിന്നുമാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് സംഭവിക്കുന്നത്,’ വിനീത് പറഞ്ഞു.

Content Highlight: Venkat Prabhu thanks Vineeth for his words about saroja movie