ആ സിനിമയില്‍ ഞാന്‍ മോഹന്‍ലാലിനെ നായകാനാക്കുന്നത് പലരും എതിര്‍ത്തു, പിന്നീട് അവര്‍ തന്നെ ലാലിന്റെ ഡേറ്റിന് വേണ്ടി കാത്തുനിന്നു: ബാലു കിരിയത്ത്
Entertainment
ആ സിനിമയില്‍ ഞാന്‍ മോഹന്‍ലാലിനെ നായകാനാക്കുന്നത് പലരും എതിര്‍ത്തു, പിന്നീട് അവര്‍ തന്നെ ലാലിന്റെ ഡേറ്റിന് വേണ്ടി കാത്തുനിന്നു: ബാലു കിരിയത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd January 2025, 9:53 pm

സംവിധായകന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് ബാലു കിരിയത്ത്. തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ബാലു കിരിയത്ത് വിസ, കല്യാണ്‍ജി ആനന്ദ്ജി, നായകന്‍, കളമശ്ശേരിയില്‍ കല്യാണയോഗം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ ആദ്യമായി നായകനാക്കി സിനിമ ചെയ്തത് താനാണെന്ന് പറയുകയാണ് ബാലു കിരിയത്ത്.

നായകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ലീഡ് റോള്‍ ചെയ്തതെന്ന് ബാലു പറഞ്ഞു. നായകന് മുമ്പ് താന്‍ ചെയ്ത വിസ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഹീറോ അല്ലായിരുന്നെന്നും ബാലു കൂട്ടിച്ചേര്‍ത്തു. റിയാസ് ഫിലംസിന്റെ ബാനറിലാണ് ആ ചിത്രം പുറത്തിറങ്ങിയതെന്നും മലയാളത്തില്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഡോക്ടര്‍ ബാലകൃഷ്ണനായിരുന്നു ആ സിനിമയുടെ തിരക്കഥാകൃത്തെന്നും ബാലു കിരിയത്ത് പറഞ്ഞു.

മോഹന്‍ലാലാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ അന്നത്തെ പല നിര്‍മാതാക്കളും തന്നെ കാണാന്‍ വന്നെന്നും അയാളെ വെച്ച് സിനിമയെടുക്കുന്നതിനെപ്പറ്റി ഒന്നുകൂടി ആലോചിക്കാന്‍ പറഞ്ഞെന്നും ബാലു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ലെന്നും മോഹന്‍ലാലിനെ നായകനാക്കി ആ സിനിമ ചെയ്‌തെന്നും ബാലു കിരിയത്ത് പറഞ്ഞു.

ചിത്രം സാമ്പത്തികമായി വിജയിച്ചെന്നും മോഹന്‍ലാല്‍ പില്‍ക്കാലത്ത് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായി മാറിയെന്നും ബാലു കൂട്ടിച്ചേര്‍ത്തു. അന്ന് മോഹന്‍ലാലിനെ നായകനാക്കുന്നതിനെ എതിര്‍ത്തവര്‍ പിന്നീട് അയാളുടെ ഡേറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന അവസ്ഥയിലേക്ക് മാറിയെന്നും ബാലു കിരിയത്ത് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബാലു കിരിയത്ത്.

‘മോഹന്‍ലാലിനെ ആദ്യമായി നായകനാക്കിയത് ഞാനാണ്. അതുവരെ സെക്കന്‍ഡ് ഹിറോയും വില്ലനുമൊക്കെയായി നിന്ന ലാല്‍ ആദ്യമായി ലീഡ് റോള്‍ ചെയ്തത് നായകന്‍ എന്ന സിനിമയിലായിരുന്നു. റിയാസ് ഫിലിംസിന്റെ ബാനറിലാണ് ആ സിനിമ ഇറങ്ങിയത് ഒരുപാട് ഹിറ്റ് പടങ്ങള്‍ എഴുതിയ ഡോക്ടര്‍ ബാലകൃഷ്ണനായിരുന്നു ആ പടത്തിന്റെ റൈറ്റര്‍.ലാലാണ് ആ പടത്തിലെ ഹീറോ എന്ന് അറിഞ്ഞപ്പോള്‍ പലരും എന്നെ ഉപദേശിച്ചു.

‘അയാളെ വെച്ച് സിനിമയെടുക്കുന്നത് ഒന്നുകൂടി ആലോചിച്ചുകൂടെ’ എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. ലാലിനെ വെച്ച് തന്നെ പടം ചെയ്തു. സാമ്പത്തികമായി ചിത്രം ലാഭം തന്നു. അതിന് ശേഷം മോഹന്‍ലാല്‍ ഇന്ത്യയിലെ തന്നെ വലിയ താരങ്ങളിലൊരാളായി മാറി. അന്ന് ലാലിനെ നായകനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ പിന്നീട് ലാലിന്റെ ഡേറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന അവസ്ഥയിലേക്കെത്തി,’ ബാലു കിരിയത്ത് പറയുന്നു.

Content Highlight: Balu Kiriyath says he is the first director to cast Mohanlal as a hero