2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലും അനശ്വര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
2025ല്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നായ രേഖാചിത്രത്തിലും അനശ്വരയുടെ സാന്നിധ്യമുണ്ട്. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്.
കഴിഞ്ഞ വര്‍ഷം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട നടനാണ് ആസിഫ് അലിയെന്നും അയാളുടെ അഭിനയം തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അനശ്വര പറഞ്ഞു. തലവനിലെ പെര്‍ഫോമന്‍സ് ഒരുപാട് ഇഷ്ടമായെന്നും അതിന് ശേഷം വന്ന കിഷ്കിന്ധാ കാണ്ഡം തന്നെ അത്ഭുതപ്പെടുത്തിയെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. പെര്‍ഫോമര്‍ എന്ന നിലയില്‍ ഓരോ സിനിമ കഴിയുന്തോറും മുന്നേറുന്ന നടനാണ് ആസിഫ് അലിയെന്ന് അനശ്വര പറഞ്ഞു.
രേഖാചിത്രത്തില്‍ താനും ആസിഫും ഒരുമിച്ചുള്ള സീനുകള്‍ കുറവാണെന്നും അത് തനിക്ക് കുറച്ച് വിഷമമുണ്ടാക്കിയെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് സ്ക്രീന്‍ ഷെയര്‍ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അത് വിചാരിച്ചതുപോലെ കിട്ടിയില്ലെന്നും അനശ്വര പറഞ്ഞു. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കഥയാണ് രേഖാചിത്രത്തിന്റേതെന്നും സ്ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ താന്‍ എക്സൈറ്റഡായെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അനശ്വര രാജന്.
‘കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഒരുപാട് സിനിമകള്‍ കണ്ടുതുടങ്ങിയത്. നല്ല അഭിപ്രായം കിട്ടിയ സിനിമകളെല്ലാം തിയേറ്ററില്‍ തന്നെ കാണാന്‍ ശ്രമിച്ചു. തിയേറ്ററില്‍ കാണാന്‍ പറ്റാത്തത് ഒ.ടി.ടിയില്‍ കണ്ടു. കഴിഞ്ഞ വര്‍ഷം പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ച നടന്മാരില് ഒരാള്‍ ആസിഫ് അലിയാണ്. തലവനില്‍ പൊലീസ് റോള്‍ ചെയ്ത് ഗംഭീരമാക്കി. പിന്നീട് കിഷ്കിന്ധാ കാണ്ഡത്തില്‍ എല്ലാവരെയും ഞെട്ടിച്ചു.
രേഖാചിത്രത്തില്‍ ആസിഫ് അലിയാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ ആകാംക്ഷയായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടന്മാരില് ഒരാളാണ് ആസിഫിക്ക. പക്ഷേ, രേഖാചിത്രത്തില്‍ ഞങ്ങള്‍ തമ്മില്‍ അധികം കോമ്പിനേഷന്‍ സീനുകളില്ല. ഉള്ള സീനുകളില്‍ സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നത് കുറവായിരുന്നു. പക്ഷേ, മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത തരത്തിലുള്ള കഥയാണ് രേഖാചിത്രത്തിന്റേത്. സ്ക്രിപ്റ്റ് കേട്ടയുടനെ ഞാന്‍ എക്സൈറ്റഡായി ഓക്കെ പറയുകയായിരുന്നു,’ അനശ്വര രാജന് പറഞ്ഞു.
Content Highlight: Anaswara Rajan about shooting experience with Asif Ali in Rekhachithram movie