Entertainment
കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ആ നടന്‍ ഭ്രാന്ത് പിടിച്ചപോലെ ഏതറ്റം വരെയും പോകും; നല്ല ധൈര്യം വേണം: വെങ്കട്ട് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 28, 02:26 am
Saturday, 28th December 2024, 7:56 am

ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്റെ കഥ പറഞ്ഞ ചെന്നൈ 600028 എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാലോകത്തേക്ക് അരങ്ങേറിയ വ്യക്തിയാണ് വെങ്കട്ട് പ്രഭു. പിന്നീട് സരോജ, ഗോവ, മങ്കാത്ത, ബിരിയാണി തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വെങ്കട് പ്രഭു അണിയിച്ചൊരുക്കി. ഏറ്റവും ഒടുവിലിറങ്ങിയ വിജയ് ചിത്രം ഗോട്ടിന്റെയും സംവിധായകന്‍ വെങ്കട്ട് പ്രഭുവാണ്.

ആട്ടകത്തി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആട്ടകത്തി ദിനേശ് എന്ന ദിനേശിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു. ദിനേശ് നായകനായി അവസാനമിറങ്ങിയ ചിത്രമായിരുന്നു ലബ്ബര്‍ പന്ത്. ചിത്രത്തില്‍ ദിനേശ് ചെയ്ത കഥാപാത്രം ചെയ്യാന്‍ ചെറുതല്ലാത്ത ധൈര്യം വേണമെന്നും അത്തരത്തില്‍ വലിയ ധൈര്യശാലിയാണ് അദ്ദേഹമെന്നും വെങ്കട്ട് പ്രഭു പറഞ്ഞു.

ദിനേശ് വളരെ എക്‌സ്ട്രീം ആണെന്നും കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ഏതറ്റം വരെയും പോകുമെന്നും വെങ്കട്ട് പ്രഭു കൂട്ടിച്ചേര്‍ത്തു. ആട്ടകത്തി എന്ന ചിത്രം മുതലേ താന്‍ ദിനേശിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കട്ട് പ്രഭു.

‘അദ്ദേഹം ലബ്ബര്‍ പന്ത് എന്ന സിനിമക്ക് വേണ്ടി ചെയ്തത് വലിയ കാര്യമാണ്. ദിനേശ് ആ സിനിമയില്‍ നായികയുടെ അച്ഛന്റെ കഥാപാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രായത്തിനേക്കാളും ഇരട്ടി വയസുള്ള ഒരു കഥാപാത്രമാണത്. എന്തൊക്കെ രണ്ടുപേരുടെ ഉള്ളില്‍ നടക്കുന്ന കഥയാണെന്നൊക്കെ പറഞ്ഞാലും നായകന്റെ അമ്മായിയച്ഛന്റെ വേഷമാണ് ആ സിനിമയില്‍.

അതിന് ചെറുതല്ലാത്ത ധൈര്യം വേണം. ദിനേശ് അത്തരത്തില്‍ വലിയ ധൈര്യശാലിയാണ്. എന്റെ അടുത്ത് രഞ്ജിത്ത് എപ്പോഴും പറയും ദിനേശ് എക്‌സ്ട്രീം ആണെന്ന്. ഒരു കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ഭ്രാന്ത് പിടിച്ചപോലെ ഏതറ്റം വരെയും പോകും എന്ന്. ആട്ടകത്തി എന്ന സിനിമ മുതലേ ഞാനും അദ്ദേഹത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്,’ വെങ്കട്ട് പ്രഭു പറയുന്നു.

ലബ്ബര്‍ പന്ത്

നവാഗതനായ തമിഴരസന്‍ പച്ചമുത്തു സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ലബ്ബര്‍ പന്ത്. ചിത്രത്തില്‍ ആട്ടക്കത്തി ദിനേശ്, ഹരീഷ് കല്യാണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളി നടി സ്വാസികയും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ശക്തമായ രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്.

Content Highlight: Venkat Prabhu Talks About Attakathi Dinesh