ഉപരോധമേര്‍പ്പെടുത്താം, പക്ഷേ തോല്‍പിക്കാനാവില്ല, വെനസ്വേല മുന്നോട്ടുപോകും; ട്രംപിന്റെ ഉപരോധത്തെ വിമര്‍ശിച്ച് നിക്കോളാസ് മദൂറോ
വെനസ്വേലക്കെതിരെ സാമ്പത്തിക ഉപരോധം നടപ്പിലാക്കിയ അമേരിക്കന്‍ നീക്കത്തിന് പിന്നാലെ രാജ്യത്തെ അംഭിസംബോധന ചെയ്ത് പ്രസിഡന്റ് നിക്കോളാസ് മദൂറോ. പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്‌ഡോയുമായി തീരുമാനിച്ചിരുന്ന പ്രതിനിധി സംഭാഷണത്തിന് വെനസ്വേലന്‍ പ്രതിനിധികളെ അയക്കില്ലെന്ന് മദൂറോ പറഞ്ഞു.
വെനസ്വേലയ്‌ക്കെതിരെ അമേരിക്കയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാവുന്ന ഗൗരവമേറിയതും ക്രൂരവുമായ പ്രകോപനങ്ങളെക്കുറിച്ച് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചര്‍ച്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. യുവാന്‍ ഗെയ്‌ഡോ ട്രംപിന്റെ ഇഷ്ടക്കാരനായതിനാലാണ് മദൂറോ ചര്‍ച്ചയില്‍നിന്നും പിന്മാറിയതെന്നാണ് സൂചന.
‘അമേരിക്കയുടെ ഭാഗത്തുനിന്നും എന്ത് പ്രതിസന്ധികളുണ്ടായാലും വെനസ്വേല മുന്നോട്ട് പോകും. രാജ്യത്തെ അമേരിക്കക്ക് പരാജയപ്പെടുത്താനാവില്ല. അതിര്‍ത്തി ലംഘനങ്ങളെയും തടസങ്ങളെയും രാജ്യം അതിജീവിക്കും’, മദൂറോ പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മദൂറോ, രാജ്യത്തിനെതിരായ ട്രംപിന്റെ നടപടി ബുദ്ധിശൂന്യതയാണെന്നും ജനങ്ങളുടെ ശബ്ദം കേള്‍ക്കാതെയുമുള്ള നടപടികള്‍ കൂട്ടക്കൊലകള്‍ക്ക് കാരണമാകുമെന്നും കുറ്റപ്പെടുത്തി.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വെനസ്വേലന്‍ ഗവണ്‍മെന്റിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും ഇടപാടുകള്‍ തടയുന്നതുമായ ഉപരോധ കരാറില്‍ കഴിഞ്ഞ ദിവസമാണ് ട്രംപ് ഒപ്പ് വെച്ചത്. മദൂറോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ട്രംപ് നടപ്പിലാക്കിയ നിര്‍ണായക നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
അമേരിക്കയുമായുള്ള നയതന്ത്രബന്ധം വെനസ്വേല മാസങ്ങള്‍ക്കുമുമ്പേ വിച്ഛേദിച്ചിരുന്നു. പ്രതിപക്ഷത്തെ പിന്തുണക്കാനുള്ള അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മദൂറോ പിന്തുണ പിന്‍വലിച്ചത്. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച യുവാന്‍ ഗെയ്‌ഡോയെ അമേരിക്ക പിന്തുണച്ചതായിരുന്നു മദൂറോയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വെനസ്വേലയുടെ അമേരിക്കയിലെ എംബസിയും കോണ്‍സുലേറ്റുകളും അടക്കാനും വെനസ്വേലയിലെ യു.എസ് പ്രതിനിധികളോട് രാജ്യം വിടാനും മദുറോ ഉത്തരവിടുകയായിരുന്നു.