വീരപ്പന്‍ മുതല്‍ വികാസ് ദുബെ വരെ; ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച 10 എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍
Details Story
വീരപ്പന്‍ മുതല്‍ വികാസ് ദുബെ വരെ; ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച 10 എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 5:10 pm

ഉത്തര്‍പ്രദേശിലെ മാഫിയ തലവന്‍ വികാസ് ദുബെയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസ് എന്‍കൗണ്ടറുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് വികാസ് ദുബെയെ കൊലപ്പെടുത്തിയതെന്നും ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇയാളെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയത് പലരെയും രക്ഷിക്കാനുള്ള ശ്രമമാണെന്നുമാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍.

പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അതിനാലാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ ഇത് എല്ലാ എന്‍കൗണ്ടറുകളുടെയും അവസാനമുള്ള പൊലീസിന്റെ സ്ഥിരം പല്ലവിയാണെന്നാണ് ഉയരുന്ന വിമര്‍ശനം.

ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി എന്‍കൗണ്ടറുകളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നടന്നത്. വികാസ് ദുബെ എന്‍കൗണ്ടറിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച പത്ത് പൊലീസ് എന്‍കൗണ്ടറുകള്‍ പരിശോധിക്കാം

തയ്യാറാക്കിയത്: അന്ന കീര്‍ത്തി ജോര്‍ജ്, കടപ്പാട്: ദ പ്രിന്റ്‌

1 ഹൈദരാബാദ് എന്‍കൗണ്ടര്‍, 2019

വെറ്റിനെറി ഡോക്ടറെ പീഡിപ്പിച്ച ശേഷം തീവെച്ചു കൊലപ്പെടുത്തിയ കേസില്‍ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത നാല് യുവാക്കളെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തി. ഡോക്ടറുടെ കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ കോടതിയിലേക്ക് കൊണ്ടുപോകും വഴി ഹൈദരാബാദ് – ബെംഗളൂരു ഹൈവേയിലെ വിജനമായ ഭാഗത്തേക്ക് പൊലീസ് കൊണ്ടുപോകുന്നതിന്റെ തെളിവുകള്‍ എന്‍കൗണ്ടറിന് ശേഷം പുറത്തുവന്നിരുന്നു. യുവാക്കള്‍ ഇവിടെ വെച്ച് പൊലീസിന് നേരെ കല്ലെടുത്തെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.

2 ഭോപ്പാല്‍ ജയില്‍ എന്‍കൗണ്ടര്‍, 2016

2016 ഒക്ടോബറില്‍ സിമി(സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകരായ എട്ട് പേര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവരെ കൊലപ്പെടുത്തി എന്നായിരുന്നു പൊലീസ് അറിയിച്ചത്.

കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന ഇവര്‍ പൊലീസിനും ജനങ്ങള്‍ക്കും നേരെ വെടി വെക്കാന്‍ തുടങ്ങി. തുടര്‍ന്ന് തങ്ങള്‍ക്കും വെടിവേക്കണ്ടി വന്നെന്നും എന്നിട്ടും കീഴടങ്ങാന്‍ തയ്യാറാകാതിരുന്നതുകൊണ്ടാണ് ഇവര്‍ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. 2018ല്‍ കോടതി പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ ഇപ്പോഴും ഈ സംഭവത്തെക്കുറിച്ച് ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നാണ് പുറത്തുവന്ന വീഡിയോകളുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയത്. കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് എവിടെ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്, ഇവര്‍ ജയില്‍ ചാടിയതെങ്ങനെ, പുറത്തെത്തിയ ശേഷം ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവുമടക്കമുള്ള സൗകര്യങ്ങളൊരുക്കിയതാരാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല.

3 മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം, 2010

2010 സെപ്റ്റംബറില്‍ ഐറെങ്ബാം രതന്‍കുമാറിനെ മണിപ്പൂര്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. 2020 ഫെബ്രുവരിയില്‍ ഇന്‍സ്പെക്ടറടക്കം നാല് പൊലീസുകാര്‍ സംഭവത്തില്‍ കീഴടങ്ങിയതോടെയാണ് ഈ വിഷയം വീണ്ടും വാര്‍ത്തയായത്.

മണിപ്പൂരില്‍ സേന നടത്തുന്ന നിയമവിരുദ്ധ കൊലപാതകങ്ങള്‍ക്കെതിരെ 2018ല്‍ വ്യാപക പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി സി.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സി.ബി.ഐ പരാജയപ്പെടുകയാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

പുറത്തുവന്ന കണക്കുകള്‍ പ്രകാരം വ്യാജ ഏറ്റുമുട്ടലിലും മറ്റുമായി 1,500 പേരെയാണ് മണിപ്പൂര്‍ പൊലീസും സുരക്ഷ സേനയും ഇതിനകം കൊലപ്പെടുത്തിയിട്ടുള്ളത്.

4 ബാട്ല ഹൗസ് എന്‍കൗണ്ടര്‍, 2008

ബോളിവുഡില്‍ സിനിമയായി വരെ മാറിയ, ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു 2008ല്‍ ദല്‍ഹിയില്‍ വെച്ച് നടന്ന ബാട്ല ഹൗസ് എന്‍കൗണ്ടര്‍.

2008 സെപ്റ്റംബര്‍ 19ന് ജാമിഅ നഗറിലെ ബാട്ല ഹൗസില്‍ വെച്ച് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹീദ്ദീന്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന രണ്ടു പേരും ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയും കൊല്ലപ്പെടുകയായിരുന്നു. ആ സമയത്ത് നടന്ന ദല്‍ഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനെത്തിയ പൊലീസ് 20 മിനിറ്റോളം നീണ്ട വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ മോഹന്‍ ചന്ദിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ കെട്ടിച്ചമച്ചതാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും പൊലീസിനെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

മനുഷ്യവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്‍കൗണ്ടറിനേക്കാള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ദല്‍ഹി ഹൈക്കോടതി സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷനോട് ആവശ്യപ്പെടുന്നതിനും രണ്ട് ദിവസം മുന്‍പേയുള്ള തീയതിയിലായിരുന്നു ഈ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നത്.

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. ഈ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടായിരുന്നു സംഭവത്തില്‍ പൊലീസിനെതിരെ സംശയങ്ങളുയര്‍ത്തിയിരുന്നത്.

5 രാം നാരായണ്‍ ഗുപ്ത, 2006

ഗുണ്ടാനേതാവ് ഛോട്ടാ രാജന്റെ സഹായിയായി അറിയപ്പെട്ടിരുന്ന ‘ലക്കന്‍ ഭയ്യ’ എന്ന രാം നാരായണ്‍ ഗുപ്തയെ 2006ല്‍ മുംബൈ പൊലീസ് എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തി.

സംഭവത്തില്‍ 13 പൊലീസുകാരടക്കം 21 പേരെയാണ് ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മുംബൈ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. പക്ഷെ കേസിലെ പ്രഥമ കുറ്റാരോപിതനായിരുന്ന എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മയെ കോടതി വെറുതെവിട്ടിരുന്നു.

6 സൊഹ്റാബുദ്ദീന്‍ ഷെയ്ക്, 2006

2006 നവംബറില്‍ ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് പോകുകയായിരുന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ ബീയെയും ഗുജാറത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത് അഹമ്മദാബാദിലെ ഒരു ഫാം ഹൗസിലേക്ക് കൊണ്ടുപോയി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം എ.ടി.എസ് ചീഫായ ഡി.ജി വന്‍സാര സൊഹ്റുബുദ്ദീനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനുള്ള പദ്ധതിയുമായി എത്തിയതാണ് സൊഹ്റാബുദ്ദീന്‍ എന്നാണ് പൊലീസ് പിന്നീട് അറിയച്ചത്.

സി.ബി.ഐ റെക്കോര്‍ഡുകളില്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും മാര്‍ബിള്‍ വ്യാപാരികളില്‍ നിന്നും പണം തട്ടിയെടുത്തിരുന്ന ക്രിമിനല്‍ എന്നാണ് സൊഹ്റാബുദ്ദീനെ കുറിച്ച് പറയുന്നത്. ലഷ്‌കറെ-ഇ-തൊയ്ബ പ്രവര്‍ത്തകനാണെന്നാണ് ഗുജറാത്ത് പൊലീസിന്റെ രേഖകളില്‍ കാണിച്ചിട്ടുള്ളത്.

7 തുള്‍സിരാം പ്രജാപതി, 2006

സൊഹ്റാബുദ്ദീന്‍ ഷെയ്ക്കിന്റെ സഹായിയെന്ന് പറയപ്പെടുന്ന തുള്‍സിരാം പ്രജാപതിയും 2006ല്‍ തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പട്ടു. സൊഹ്റാബുദ്ദീനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് തുള്‍സിരാമും കൂടെയുണ്ടായിരുന്നു എന്നാണ് സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്.

തുള്‍സിരാം കൊലപാതകത്തില്‍ സി.ബി.ഐ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായ അമിത് ഷാക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു. സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ ബിയെയും കൊലപ്പെടുത്തിയ സംഭവത്തിലെ ദൃക്സാക്ഷിയായ തുള്‍സിരാമിനെ കൊലപ്പെടുത്താനായി മുന്‍ ഡി.ജി.പി, പി.സി പാണ്ഡേയും അഡീഷണല്‍ ഡി.ജി.പി ഗീത ജോഹ്രിയും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കുറ്റപ്പത്രത്തിലുണ്ടായിരുന്നു. എന്നാല്‍ 2018 ഡിസംബറില്‍ സൊഹ്റുബുദ്ദീന്‍ – തുള്‍സിരാം കേസിലെ മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു.

8 ഇസ്രത് ജഹാന്‍, 2004

2004 ജൂണ്‍ 15ന് പത്തൊമ്പതുകാരിയായ ഇസ്രത് ജഹാനെയടക്കം നാല് പേരെ അഹമ്മദാബാദില്‍ വെച്ച് ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌കറെ-ഇ-തൊയ്ബ പ്രവര്‍ത്തകരാണ് ഇവരെന്നായിരുന്നു പൊലീസ് പിന്നീട് അറിയിച്ചത്.

പക്ഷെ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഈ എന്‍കൗണ്ടര്‍ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലേക്കും അവിടെ നിന്ന് സി.ബി.ഐയിലേക്കും എത്തി. ഗുജറാത്ത് സേനയിലെ നിരവധി പൊലീസുകാര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കണ്ടെത്തി. പക്ഷെ കുറ്റക്കാര്‍ക്കെതിരെ തക്കതായ നടപടികളുണ്ടായില്ലെന്ന് മാത്രമല്ല സംഭവത്തിലെ ഉന്നതരുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളിലും അന്വേഷണം നടന്നില്ല.

മുംബെ ഗുരു നാനാക്ക് ഖല്‍സ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഇസ്രത് ജഹാന്‍. തന്റെ മകളെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ താന്‍ കേസില്‍ നിന്നും പിന്മാറുകയാണെന്ന് ഇസ്രതിന്റെ ഉമ്മ കഴിഞ്ഞ വര്‍ഷം പ്രസ്താവനയിറക്കിയിരുന്നു.

9 വീരപ്പന്‍, 2004

2004 ഒക്ടോബര്‍ നാലിനാണ് തമിഴ്നാട് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ വീരപ്പനെ കൊലപ്പെടുത്തുന്നത്. പത്ത് വര്‍ഷത്തിലേറെയായി പൊലീസ് പിടിയിലാകാതെ രക്ഷപ്പെട്ടു നടന്ന വീരപ്പന്‍ കണ്ണ് ചികിത്സക്കായി സേലത്ത് എത്തിയ സമയത്ത് പൊലീസ് പിടിയിലാകുകയായിരുന്നു.
വീരപ്പനെ തന്ത്രപൂര്‍വ്വം ആംബുലന്‍സില്‍ കയറ്റിയ ശേഷം പുറത്തുനിന്നും വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. 338 ബുള്ളറ്റുകളാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. പക്ഷെ കണ്ണിലെയും നെറ്റിയിലെയും വെടിയേറ്റ പാടുകളല്ലാതെ ദേഹത്ത് മറ്റൊരു മുറിവ് പോലുമില്ലാതിരുന്നത് പൊലീസ് ഓപ്പറേഷനെതിരെ സംശയങ്ങളുണ്ടാക്കി.

10 സാദിഖ് ജമാല്‍, 2003

നരേന്ദ്ര മോദിയെയും മറ്റു ചില ബി.ജെ.പി നേതാക്കളെയും കൊലപ്പെടുത്താനെത്തിയതാണെന്ന് ആരോപിച്ച് 2003ല്‍ സാദിഖ് ജമാല്‍ എന്നയാളെ ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ സാദിഖിനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് മാത്രമല്ല സംഭവത്തില്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് പങ്കുണ്ടെന്നും കണ്ടെത്തി.

നരേന്ദ്ര മോദിയെ കൊലപ്പെടുത്താനായി എത്തുന്ന ആളെക്കുറിച്ച് ഐ.ബി നല്‍കിയ വിവരങ്ങളുമായി സാദിഖിന് യാതൊരു സാമ്യവുമില്ലായിരുന്നു. മാത്രമല്ല ചൂതാട്ടത്തിന്റെയും ചെറിയ അടിപിടിയുടിയും പേരില്‍ രണ്ട് പൊലീസ് കേസുകള്‍ മാത്രമാണ് സാദിഖിനെതിരെ റെക്കോര്‍ഡുകളിലുള്ളത്. നിരവധി ഐ.ബി ഉദ്യോഗസ്ഥരാണ് ഈ കേസില്‍ കുറ്റാരോപിതരായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ