എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ്; തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണോയെന്ന് അന്വേഷിക്കണം: വി.ഡി. സതീശന്‍
Kerala News
എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ്; തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണോയെന്ന് അന്വേഷിക്കണം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th April 2023, 5:38 pm

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ പ്രേരിതമാണോ അതോ തീവ്രവാദമാണോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും ഉത്തരേന്ത്യയിലടക്കം ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപകടമുണ്ടായതെന്നത് ദുരൂഹതയുണ്ടാക്കുന്നതാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കേസില്‍ സമഗ്രമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു സതീശന്റെ പ്രതികരണം.

‘എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. അപകടം ഉണ്ടായതിന് ശേഷം പ്രതി അതേ ട്രെയിനില്‍ കയറി യാത്ര ചെയ്തത് ദുരൂഹതയുണ്ടാക്കുന്നതാണ്. പക്ഷെ പൊലീസ് ട്രെയിന്‍ പരിശോധിച്ചില്ല. കണ്ണൂരും കോഴിക്കോടുമുള്ള റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് അന്വേഷണം നടത്തിയില്ല.

യഥാര്‍ത്ഥത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന ബോധപൂര്‍വ്വമായ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. പിന്നീട് കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ പിടിച്ചത്. തിരിച്ച് കേരളത്തിലേക്കെത്തിച്ച കാര്യത്തിലും ദുരൂഹതയുണ്ട്.

പ്രൈവറ്റ് വാഹനത്തിലാണ് പ്രതിയെ കൊണ്ട് വന്നത്. ആ വാഹനമാണെങ്കില്‍ പഞ്ചറാവുന്നു, വഴിയില്‍ നിര്‍ത്തിയിടുന്നു. ഇതെല്ലാം സംശയത്തിന് ഇട നല്‍കുന്നുണ്ട്. എത്ര ലാഘവത്തോടെയാണ് പൊലീസ് കാര്യം കൈകാര്യം ചെയ്തത്.

കേസില്‍ പ്രാഥമികമായ അന്വേഷണ റിപ്പോര്‍ട്ട് വന്നാലേ സത്യാവസ്ഥ മനസിലാക്കാനാകൂ. ഏതെങ്കിലും തീവ്രവാദ സംഘടനകളാണോ അതോ പ്രതിയുടെ മാനസിക വിഭ്രാന്തിയാണോ അക്രമത്തിന് കാരണമെന്നൊക്കെ പൊലീസ് കണ്ടെത്തട്ടെ.

അപകടം ഉണ്ടായ സമയത്തിനടക്കം പ്രത്യേകതയുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയാണ് അപകടമുണ്ടായിട്ടുള്ളത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ സാധ്യതകളും മുന്‍ നിര്‍ത്തി അന്വേഷിക്കണം. അപകടങ്ങള്‍ക്ക് പിറകില്‍ രാഷ്ട്രീയമാണോ, വര്‍ഗീയതയാണോ, തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യത്തിലൊക്കെ അന്വേഷണം നടക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: vd satheeshasn on elathoor train attack