പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ പുകമറയില്‍ നിര്‍ത്തി; മനപ്പൂര്‍വം ആക്ഷേപിച്ചു: വി.ഡി. സതീശന്‍
Kerala News
പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ പുകമറയില്‍ നിര്‍ത്തി; മനപ്പൂര്‍വം ആക്ഷേപിച്ചു: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 2:12 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ വേണ്ടിയാണ് സോളാര്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് വിധേയനായിട്ടുണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ സി.പി.ഐ.എം വേട്ടയാടിയിട്ടില്ലെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘രാഷ്ട്രീയ വേട്ടയാടുകള്‍ക്ക് വിധേയനായ ഒരാളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. ജനസമ്പര്‍ക്ക പരിപാടി നടത്തി ജനങ്ങളെ ഹൃദയത്തിലേറ്റി മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടിയും, അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയും, മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുന്നതിന് വേണ്ടിയും, ഗൂഢാലോചന നടത്തി രൂപപ്പെടുത്തി നടത്തിയ ആരോപണങ്ങളാണ് അന്ന് ഉന്നയിച്ചത്.

സോളാര്‍ കേസില്‍ അദ്ദേഹത്തിനെതിരായ അന്വേഷണം മൂന്നോ നാലോ ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ കേരള പൊലീസ് അന്വേഷിച്ചു. ഒരു തെളിവുമില്ല ഇതിന്. ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല. ഒരു തരത്തിലുമുള്ള അന്വേഷണവും അദ്ദേഹത്തിനെതിരെ എടുക്കാന്‍ പറ്റില്ലെന്ന് മാറി മാറി അന്വേഷിച്ച ഉദ്യോസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞു.

എന്നിട്ടും മതി വരാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടി ആരോപണ വിധേയയായ സ്ത്രീയുടെ കയ്യില്‍ നിന്ന് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടു,

അന്വേഷണത്തിന് പുറകെ ഇയാള്‍ അലയട്ടെ, നശിക്കട്ടെ, ആളുകളുടെ മുന്നില്‍ മാനം കളയട്ടെ എന്നായിരിക്കും. അത്രയും വന്ധ്യവയോദ്യനായ, സീനിയറായിട്ടുള്ള, കേരളത്തില്‍ ഏഴ് കൊല്ലം മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കെതിരായി ഗൂഢാലോചന നടത്തി ഉന്നയിച്ച ആരോപണം എന്തായി? ആര് അന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

സത്യം പുറത്ത് വന്നു. അപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ മനപ്പൂര്‍വമായി ആക്ഷേപം പറഞ്ഞത്. ഒരു ജീവിതത്തിന്റെ സായാഹ്നത്തില്‍ മുഴുവന്‍ പുകമറയില്‍ നിര്‍ത്തി അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചത്. എത്ര കുളിച്ചാലും അത് അവരുടെ ദേഹത്ത് നിന്ന് പോകില്ല,’ സതീശന്‍ പറഞ്ഞു.

ഇതൊന്നും ഇപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇ.പി. ജയരാജന് മറുപടി കൊടുക്കാതിരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെയുള്ള കേസുകള്‍ ബി.ജെ.പിയുടെ സഹായത്തോടെ മാറ്റി വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘സംസ്ഥാനത്തിന്റെ എല്‍.ഡി.എഫ് കണ്‍വീനര്‍ വന്ന് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് പറഞ്ഞത് ഇതൊക്കെ ഒന്നു കൂടി പറയിപ്പാക്കാന്‍ വേണ്ടിയിട്ടാണ്. ഇതൊന്നും ഇപ്പോള്‍ പറയണമെന്നില്ലായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുമ്പോള്‍ നമുക്ക് മറുപടി പറയാതിരിക്കാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണ് ഞാന്‍ പറഞ്ഞത്

പിണറായി വിജയനെതിരെയുള്ള കേസ് സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. അത് ബി.ജെ.പിയുടെ സഹായത്തോടെ മാറ്റി വെച്ചിരിക്കുകയാണ്,’ സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിച്ചാണ് മുദ്രാവാക്യം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത് ആര്‍ക്കുമെതിരെയുള്ളതല്ലെന്നും അനുസ്മരണ സമ്മേളനമായത് കൊണ്ട് കെ.പി.സി.സി പ്രസിഡന്റും താനും നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

content highlights: VD SATHEESHAN AGAINST PINARAYI VIJAYAN