കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല; പിണറായി സര്‍ക്കാര്‍ വര്‍ഗീയ സംഘടനകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നു: വി.ഡി. സതീശന്‍
Kerala News
കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല; പിണറായി സര്‍ക്കാര്‍ വര്‍ഗീയ സംഘടനകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നു: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 8:53 pm

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ വിവാദമായതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

വോട്ട് മാത്രം ലക്ഷ്യമിട്ട് വര്‍ഗീയവാദികള്‍ ചെയ്യുന്ന എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തുന്നതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.

പിഞ്ച് മനസുകളില്‍ വരെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം കേരളത്തില്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ താങ്കള്‍ നടത്തുന്നത് പച്ചയായ വര്‍ഗീയ പ്രീണനമാണ്. തുടര്‍ഭരണത്തിന് വേണ്ടി ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ സംഘടനകളുമായി നിങ്ങള്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പാണ്, വര്‍ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം കേരളത്തിലുണ്ടാക്കിയത്. വോട്ടിന് വേണ്ടി, കാലങ്ങളായി നാം സംരക്ഷിച്ച മതേതരത്വമാണ് നിങ്ങള്‍ പിച്ചിച്ചീന്തുന്നത്. ഇത് അനുവദിക്കാനാകില്ല. വര്‍ഗീയതയോടുള്ള നിങ്ങളുടെ ഈ അടവ് നയം തുടര്‍ന്നാല്‍ കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആ കൊച്ചുകുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ പൊതുമനസിനെ പൊള്ളിക്കുന്നതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനും കേരളത്തിലെ പൊലീസിനും ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്തമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞയാളെ അറസ്റ്റു ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ നാടകം നാം കണ്ടതാണ്. അതേ വ്യക്തി വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിട്ടും മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളുടെ തീവ്രവാദ പ്രസ്ഥാനവുമായുള്ള ബന്ധമാണ് അറസ്റ്റ് പോലും വൈകിപ്പിച്ചതെന്നും സതീശന്‍ ആരോപിച്ചു.

Content Highlights: vd satheesan has criticized the government about popular front Slogans for controversy