തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സി.പി.ഐ.എമ്മിനും ബി.ജെ.പിക്കും ഇടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ദല്‍ഹിയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്ന സമയത്ത് തന്നെ യു.ഡി.എഫ് എം.പിമാര്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സതീശന്‍ പറഞ്ഞു.
ഒരാഴ്ചയായി ദല്‍ഹി കേന്ദ്രീകരിച്ച് സി.പി.ഐ.എമ്മും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ യു.ഡി എഫ് എം.പിമാരെ കയേറ്റം ചെയ്ത ദല്‍ഹി പോലീസിന്റെ നടപടി കാട്ടാളത്തമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടു.
ജനാധിപത്യ രാജ്യം തകരുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ് പാര്‍ലമെന്റിന് മുന്നില്‍ കണ്ടത്. ഇതിനെതിരെ അതി ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.
പദ്ധതിക്ക് 64,000 കോടിയാകുമെന്ന് മുഖ്യമന്ത്രി പറയുന്നു. എവിടുന്നാണ് ഈ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി കള്ളക്കണക്ക് പറയുകയാണ്. ചെലവ് കുറച്ചുകാണിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, നാട്ടില്‍ വികസനം പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നാട്ടുകാരെ പ്രതിപക്ഷം സമരത്തിനിറക്കുകയാണ്. വൈകാരികമായ സമരമാണ് സില്‍വര്‍ലൈനിനെതിരെ ഇപ്പോള്‍ നടക്കുന്നത്. വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ അംഗീകരിക്കില്ല. ജനം കൃത്യമായി എല്ലാം മനസിലാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.
ഏറ്റെടുക്കാത്ത ഭൂമിക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നും പിണറായി വിജയന്‍ ചോദിച്ചു. ഒരാളെയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ല. ആരും കിടപ്പാടം ഇല്ലാത്തവരായി മാറില്ല. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്നാണ് പ്രതിപക്ഷ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫര്‍ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.