മഹത്തായ അടുക്കള പോലെ അടുത്ത ധൈര്യമുള്ള സിനിമയാണ് വാങ്ക്
D-Review
മഹത്തായ അടുക്കള പോലെ അടുത്ത ധൈര്യമുള്ള സിനിമയാണ് വാങ്ക്
ഷിബു ശങ്കര്‍
Saturday, 30th January 2021, 4:09 pm

ഉണ്ണി ആറിന്റെ ഇയടുത്ത കാലത്ത് ചര്‍ച്ചാ വിഷയമായ നോവല്‍ വാങ്കിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌കാരമാണ് വാങ്ക് സിനിമ. വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശിന്റെ ആദ്യ സിനിമകൂടിയാണ് വാങ്ക്. കോട്ടയത്തിന്റെ കഥാഗതിയില്‍ തിരക്കഥാകൃത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയപ്പോള്‍ സിനിമ മലപ്പുറം ഭാഷ സംസാരിച്ചു, അത് ചിത്രത്തിന്റെ മേന്മയും റിയാലിറ്റിയും കൂടുതലാക്കി.

ചെറുപ്പത്തിലെ തന്നെ പെണ്ണുങ്ങള്‍ വാങ്ക് വിളിച്ചാല്‍ പടച്ചോന് ഇഷ്ടാവില്ലെ എന്ന് ഉസ്താദിനോട് ചോദിക്കുന്ന റസിയയുടെ വാങ്ക് വിളിക്കണം എന്ന ആഗ്രഹമാണ് ചിത്രം പറയുന്നത്. ഇസ്‌ലാം മതാചാരങ്ങള്‍ അടക്കി ഭരിക്കുന്ന ഒരു കുടുംബത്തിലെ റസിയയും ഉമ്മയും ഇന്നത്തെ സമൂഹത്തിലെ സ്വന്തം ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും വില കൊടുക്കുന്ന സ്ത്രീകള്‍ക്ക് ഉദാഹരണമാകുന്നു. മതം വളരെ സെന്‍സിറ്റീവ് ആണ് തൊട്ടാല്‍ പൊള്ളും എന്ന് പറയുന്ന വാചകം തന്നെയാണ് പടത്തിന്റെ ഗതി എങ്ങോട്ടാണെന്ന് മനസിലാക്കിത്തരുന്നത്.

നാല് കൂട്ടുകാരികളും അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ സഫലീകരിക്കുമ്പോള്‍, റസിയയുടെ ആഗ്രഹം മത അനുകൂലികളെ വെറി പിടിപ്പിക്കുന്നു. ‘നമുക്ക് ഈ ആഗ്രഹം വിടാം വല്ല മധുരമുള്ള ആഗ്രഹം പോരെ’ എന്ന് ചോദിക്കുന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് റസിയ ഉത്തരം കൊടുക്കുന്നു. ‘എനിക്ക് ഉപ്പ് മതിയെന്ന്’.

ഉപ്പ് രുചിക്കാന്‍ ചിലപ്പൊ നാക്ക് കാണില്ല എന്ന ഉപദേശം ചെവി കൊള്ളാതെ റസിയ പര്‍ദ്ധക്കുള്ളില്‍ ഒതുങ്ങി കഴിയേണ്ടതല്ല,
നല്ല നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള കാലം നമുക്കും വരും ഉമ്മ എന്ന് ഉമ്മാക്ക് ധൈര്യം കൊടുത്ത് മുന്നേറുന്നു. വലതു ചെവിയില്‍ വാങ്കൊലിയും ഇടത് ചെവിയില്‍ ഇക്കാമത്തും ഖല്‍ബിന്‍ മാരിയായ് കൊണ്ടുവച്ചു പടച്ചവന്‍.

പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ ആഗ്രഹങ്ങളെയും ചെറിയ മോഹങ്ങളെയും മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന എഴുത്തും സിനിമയുമാണ് വാങ്ക്. മഹത്തായ അടുക്കള പോലെ അടുത്ത ധൈര്യമുള്ള സിനിമയാണ് വാങ്ക്.

മലയുടെ മുകളില്‍ മഞ്ഞുതുള്ളിയായ് വാങ്കൊലി കേള്‍ക്കുന്നു. കാറ്റിനിടയില്‍ മരങ്ങളെല്ലാം പുണര്‍ന്ന് നില്‍ക്കുന്നു. കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനെ.

തിയ്യേറ്ററുകളില്‍ പണ്ട് പത്ത് പേര്‍ ഇല്ലാതെ പടം ഓടിക്കില്ലായിരുന്നു. ഇന്ന് ഓണ്‍ലൈന്‍ ബുക്കിംഗ് ആയതുകൊണ്ട് ഒരേ ഒരാളായ ഞാനെന്ന പ്രേക്ഷകന് വേണ്ടി പടം ഓടിച്ച സീനത്ത് തീയറ്ററിന് നന്ദി പറയുന്നു. മൗത്ത് പബ്ലിസിറ്റി ‘വാങ്ക് ‘ഉച്ചത്തില്‍ വിളിക്കാന്‍ പറ്റട്ടെ, കേരളം മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ ‘വാങ്ക് ‘വിളി കേള്‍ക്കട്ടെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vanku Movie Review by Shibu Shankar