വടക്കന്‍...? നോ നോ വടക്കന്‍ വലിയ നേതാവൊന്നും അല്ല: മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി
national news
വടക്കന്‍...? നോ നോ വടക്കന്‍ വലിയ നേതാവൊന്നും അല്ല: മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 3:20 pm

ന്യൂദല്‍ഹി: സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി.

വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് “വടക്കന്‍….? ഇല്ല ഇല്ല അദ്ദേഹം പാര്‍ട്ടിയിലെ വലിയ നേതാവൊന്നും അല്ല” എന്നായിരുന്നു രാഹുലിന്റെ മറുപടി. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസിന്റെ വക്താവുമായ ടോം വടക്കന്‍ വ്യാഴാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു. ദേശസ്നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കന്‍ നല്‍കിയ വിശദീകരണം.

എ.ഐ.സി.സി മുന്‍ വക്താവായ ടോം വടക്കന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്നായിരുന്നു ടോം വടക്കന്‍ പറഞ്ഞത്.

നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ കൂടി ടോം വടക്കനെ പരിഗണിച്ചിരുന്നില്ല.

തന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു ടോം വടക്കനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ അദ്ദേഹത്തിന് അപ്പോയ്മെന്റ് കൊടുത്തിരുന്നില്ല. തൃശൂര്‍ സീറ്റ് കിട്ടിയേ തീരൂവെന്ന് പറഞ്ഞ് ശല്യപ്പെടുത്തുമായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.