പണിമുടക്കി ഐ.ആര്‍.സി.ടി.സി; വലഞ്ഞ് ട്രെയിന്‍ യാത്രക്കാര്‍
national news
പണിമുടക്കി ഐ.ആര്‍.സി.ടി.സി; വലഞ്ഞ് ട്രെയിന്‍ യാത്രക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 12, 09:32 am
Sunday, 12th January 2025, 3:02 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഐ.ആര്‍.സി.ടി.സി നിരന്തരമായി പണിമുടക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നാമത്തെ ദിവസവും പണിമുടക്കിയ പ്ലാറ്റ്‌ഫോം കാരണം ട്രെയിന്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് വലിയ തോതില്‍ തടസം നേരിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച ഐ.ആര്‍.സി.ടി.സി പണിമുടക്കിയതോടെ രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

സൈറ്റിന്റെയും ആപ്പിന്റെയും മെയ്ന്റനന്‍സാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാരണത്താല്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനോ ഷെഡ്യൂള്‍ ചെയ്യാനോ സാധിക്കാത്തതിനെ തുടര്‍ന്ന് 25000ത്തിലധികം പരാധികള്‍ ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതതായി എക്കണോമിക് ടൈംസ് പറയുന്നു.

നിലവിലെ പ്രശ്‌നം പുതിയതല്ലെന്നും സമാനമായ തടസങ്ങള്‍ ആഴ്ചകളായി ഉണ്ടാവുന്നുണ്ടെന്നുമാണ് ഉപയോക്താക്കള്‍ പറയുന്നത്. ഇതിന് മുമ്പ് ഡിസംബര്‍ 26, 31 തീയതികളില്‍ പ്ലാറ്റ്‌ഫോമിന് തടസം നേരിട്ടിരുന്നു.

ദിവസങ്ങളായി നേരിടുന്ന പ്രതിസന്ധി കാരണം തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് അവസരം നഷ്ടപ്പെട്ടതായി എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചിരുന്നു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പലരുടെയും പ്രതികരണം.

ഐ.ആര്‍.സി.ടി.സിയില്‍ അഴിമതി നടക്കുന്നുണ്ടെന്നും വ്യക്തമായ പരിശോധന ആവശ്യമാണെന്നുമുള്‍പ്പെടെ ആപ്പ് തുറന്നുവരുമ്പോഴേക്കും ടിക്കറ്റുകളെല്ലാം ബുക്ക് ആയിരുന്നെന്നും ഉപയോക്താക്കള്‍ പറഞ്ഞുവെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലാകമാനമുള്ള ഉപയോക്താക്കള്‍ക്കായി ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് മികച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഐ.ആര്‍.സി.ടി.സി കൊണ്ടുവന്നത്.

ഐ.ആര്‍.സി.ടി.സി പണിമുടക്കിയാല്‍ ഉപയോഗപ്രദമായ നിരവധി ആപ്പുകള്‍ ഉണ്ട്. എങ്കില്‍ കൂടിയും അംഗീകൃതമായതും റീഫണ്ട് സാധ്യതകളുമുള്‍പ്പെടെ ഫലപ്രദമാക്കുന്നതിനാലാണ് ഉപയോക്താക്കള്‍ ഐ.ആര്‍.സി.ടി.സി കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: IRCTC on strike; The train passengers got stuck