ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ബംഗ്ലാദേശ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ ക്യാപ്റ്റനായി ചുമതലപ്പെടുത്തി 15 അംഗ സ്‌ക്വാഡാണ് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്.
ബംഗ്ലാ ഇതിഹാസം ഷാകിബ് അല്‍ ഹസന്‍ ഇല്ലാതെയാണ് ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കൊരുങ്ങുന്നത്. ബൗളിങ് ആക്ഷന്റെ പേരില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ഷാകിബ് അല്‍ ഹസന് ഇടം നേടാന്‍ സാധിക്കാതെ പോയത്. ഷാകിബ് അല്‍ ഹസന് പുറമെ സൂപ്പര്‍ താരം ലിട്ടണ്‍ ദാസും സ്‌ക്വാഡിന്റെ ഭാഗമല്ല.
മഹ്‌മദുള്ള അടക്കമുള്ള പരിചയ സമ്പന്നരായ താരങ്ങളുടെയും നാഹിദ് റാണയെ പോലുള്ള യുവതാരങ്ങളുടെയും പെര്‍ഫെക്ട് ബ്ലെന്‍ഡുമായാണ് ബംഗ്ലാദേശ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം തേടി കളത്തിലിറങ്ങുന്നത്.
നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മഹ്‌മദുള്ള, മുസ്തഫിസുര്‍ റഹ്‌മാന്‍, സൗമ്യ സര്‍ക്കാര്‍, ജാക്കിര്‍ അലി, പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, റിഷാദ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദോയ്, താസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാഖിബ്, മുഷ്ഫിഖര്‍ റഹീം, നാസും അഹമ്മദ്, നാഹിദ് റാണ.
Bangladesh Squad for ICC Men’s Champions Trophy 2025#BCB #Cricket #ChampionsTrophy #Bangladesh pic.twitter.com/GtO9UtNihp
— Bangladesh Cricket (@BCBtigers) January 12, 2025
2023 ഏകദിന ലോകകപ്പില്‍ എട്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് കഷ്ടിച്ച് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് ശ്രീലങ്കയെ മറികടന്ന് മുമ്പോട്ട് കുതിച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ബംഗ്ലാദേശ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് ബംഗ്ലാദേശിനൊപ്പം ഗ്രൂപ്പ് എ-യിലുള്ള മറ്റ് ടീമുകള്‍.
ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഇന്ത്യയാണ് എതിരാളികള്‍.
ഫെബ്രുവരി 20 vs ഇന്ത്യ – ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം.
ഫെബ്രുവരി 24 vs ന്യൂസിലാന്‍ഡ് – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.
ഫെബ്രുവരി 27 vs പാകിസ്ഥാന്‍ – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.
(എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും)
Content Highlight: ICC Champions Trophy 2025: Bangladesh announced squad for the tournament