World News
വീണ്ടും തെരുവിലായി ഫലസ്തീനി ജനത; അധിനിവേശ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഇസ്രഈല്‍ പൊളിച്ചുനീക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Monday, 31st March 2025, 9:29 am

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ പൗരന്മാരെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും കുടിയൊഴിപ്പിക്കാന്‍ ഇസ്രഈല്‍ നീക്കം. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍, തുല്‍കരം നഗരങ്ങളിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പൊളിച്ച് നീക്കി സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന രീതിയിലേക്ക് രൂപമാറ്റം വരുത്താനാണ് ഇസ്രഈല്‍ സൈന്യം ലക്ഷ്യമിടുന്നത്.

അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഭീകരസംഘടനകളുടെ ഇന്‍കുബേറ്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌ഫോടകവസ്തുക്കള്‍ തയ്യാറാക്കുന്നതിനായി ഇവ ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സൈന്യത്തിന്റെ പുതിയ നീക്കം. ജെനിന്‍, തുല്‍കരം, നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ പൂര്‍ണമായും പൊളിച്ച് നീക്കി രണ്ട് പ്രദേശങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സൈനിക വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുവരാന്‍ ക്യാമ്പിന്റെ മധ്യഭാഗത്തുള്ള തെരുവുകള്‍, റോഡുകള്‍, പ്രവേശന കവാടങ്ങള്‍ എന്നിവ സൈന്യം വികസിപ്പിക്കുകയാണെന്ന് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.

നിലവില്‍ ദിവസവും പൊളിച്ചുമാറ്റല്‍ നടക്കുന്നുണ്ട്. നൂറുകണക്കിന് ഫലസ്തീനി കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇസ്രഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സൈനിക നടപടിയായതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് ഉത്തരവുകള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ സാധിക്കില്ല.

ക്യാമ്പിനുള്ളിലെ വീടുകള്‍ പൊളിക്കുന്നത് നേരിട്ട് ബാധിക്കുന്നത് അതത് വീട്ടുകാരെ മാത്രമല്ല. മറിച്ച് ഒരു വീട് പൊളിക്കുമ്പോള്‍, സ്ഥലപരിമിതി കാരണം സമീപത്തുള്ള എല്ലാ കെട്ടിടങ്ങളെയും ഇത് ബാധിക്കുന്നു.

’30 വീടുകള്‍ പൊളിക്കുമെന്ന് ഞങ്ങളെ അറിയിക്കുമ്പോള്‍, അതിനര്‍ത്ഥം കുറഞ്ഞത് 100 വീടുകളെങ്കിലും പൊളിക്കുക എന്നതാണ്. കാരണം എല്ലാ വീടുകളും ഒരേ നിരയിലാണ് നിര്‍മിച്ചിരിക്കുന്നത്. 10 വീടുകള്‍ പൊളിക്കുമെന്ന് അവര്‍ പറയുമ്പോള്‍, അയല്‍പക്കത്തെ വീടുകള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍കൂടി കണക്കിലെടുത്താല്‍ 40 എണ്ണം പൊളിച്ചതിന് തുല്യമാണ്,’ പ്രദേശവാസിയായ സുഹൈരി പറഞ്ഞു.

ഇതുവരെ ക്യാമ്പിലെ കുറഞ്ഞത് 500 വീടുകളെങ്കിലും പൂര്‍ണമായും നശിച്ചിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ക്യാമ്പിലെ 13,000 ആളുകള്‍ പലായനം ചെയ്തു. മറ്റ് പ്രദേശവാസികളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ജെനിന്‍ ക്യാമ്പില്‍ മാത്രം 200 വീടുകള്‍ പൊളിച്ചുമാറ്റി. ഇവിടെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നിര്‍മിച്ചു. നൂര്‍ ഷംസ് ക്യാമ്പില്‍ ഏകദേശം 30 വീടുകള്‍ പൊളിച്ചുമാറ്റി അര കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍ നിര്‍മിച്ചു. തുല്‍കരമില്‍ 15 വീടുകള്‍ പൊളിച്ചുമാറ്റി 200 മീറ്റര്‍ നീളമുള്ള റോഡ് ടാര്‍ ചെയ്തു.

വെസ്റ്റ് ബാങ്കിലെ ശേഷിക്കുന്ന 18 ക്യാമ്പുകള്‍ക്കും സൈന്യം സമാനമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വീടുകള്‍ പൊളിച്ചുമാറ്റി ഫലസ്തീനി താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ച് പ്രദേശത്തെ ജനസംഖ്യ കുറയ്ക്കുക എന്നതാണ് ഇസ്രഈല്‍ സൈന്യം ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Palestinians back on the streets as Israel demolishes refugee camps in occupied West Bank