Kerala News
ദളിത് ചിന്തകനായ ഡോ. ടി.എസ്. ശ്യാംകുമാറിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 31, 03:58 am
Monday, 31st March 2025, 9:28 am

കന്യാകുമാരി: ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ ടി.എസ്. ശ്യാം കുമാറിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. കന്യാകുമാരിയിൽ വെച്ചായിരുന്നു അദ്ദേഹം ആക്രമണത്തിനിരയായത്. തമിഴ്നാട് കന്യാകുമാരിയിലെ കുഴിത്തുറയിൽ സി.പി.ഐ.എം, സനാതനധർമത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഇറങ്ങവെയായിരുന്നു ആക്രമണം.

ആക്രമണത്തിനിരയായ വിവരം അദ്ദേഹം തന്നെ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. സനാതനധർമത്തെ കുറിച്ചുള്ള സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ തീവ്ര ഹിന്ദുത്വ വാദികൾ തന്നെ റോഡിൽ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തോടുള്ള അസഹിഷ്‌ണുതക്ക് പിന്നാലെ കുഴിത്തുറയിൽ തീവ്ര ഹിന്ദുത്വ വാദികൾ സി.പി.ഐ.എം നേതാക്കളെ ആക്രമിച്ചുവെന്നും പ്രദേശത്ത് സംഘർഷം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

‘തമിഴ്നാട് കുഴിത്തുറയിൽ സി.പി.ഐ.എം സനാതനധർമത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികൾ റോഡിൽ തടയുകയും എന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞത്. എന്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയിൽ ഹിന്ദുത്വർ സി.പി.ഐ.എം നേതാക്കളെ ആക്രമിച്ചു. പ്രദേശത്ത് സംഘർഷം
തുടരുകയാണ്,’ അദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന് പിന്തുണയറിയിച്ചുകൊണ്ട് നിരവധി പേർ ഫേസ്ബുക്കിൽ കമന്റ് ഇടുന്നുണ്ട്. ‘ശ്യാം നിങ്ങളെ പോലെ സംസാരിക്കാൻ മാറ്റാരുമില്ല.. സൂക്ഷിക്കണം, ശ്യാം സാറിനോട് ഐക്യദാര്‍ഢ്യം പക്ഷെ ചുവപ്പ് നിറം മങ്ങി കാവിയോട് ചേരുന്ന കാലമാണ്. ബലിയാടാകാതെ സൂക്ഷിക്കുക, ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതു നടക്കില്ല’ തുടങ്ങിയ കമന്റുകളാണ് വരുന്നത്.

നേരത്തെ, രാമായണത്തെ കുറിച്ച് ‌ഡോ. ടി.എസ്. ശ്യാം കുമാർ മാധ്യമത്തിൽ എഴുതിയ ലേഖനപരമ്പര ഹിന്ദുവിരുദ്ധമെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ലേഖനത്തിൽ ഹിന്ദുക്കളെയും ആരാധനാമൂർത്തിയായ രാമനെയും അവഹേളിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് നടന്നത്.

തീവ്ര ഹിന്ദുത്വവാദികളുടെ വധഭീഷണിയെ തുടർന്ന് ഡോ. ശ്യാംകുമാർ സംസ്ഥാന പട്ടികജാതി കമീഷനും വീയപുരം പൊലീസിലും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കമീഷൻ ഇടപെടുകയും ഡി.ജി.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

 

Content Highlight: Dalit thinker Dr. T.S. Shyamkumar attacked by Hindu extremists