ന്യൂദല്‍ഹി: ഇന്ത്യന്‍ പൊലീസ് സേനയിലെ ക്രൂരതയും ഇസ്‌ലാം വിരുദ്ധതയും ചര്‍ച്ച ചെയ്യുന്ന ബ്രിട്ടന്റെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ സന്തോഷിന് ഇന്ത്യയില്‍ പ്രദര്‍ശനം നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്.
ബ്രിട്ടീഷ്-ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തക സന്ധ്യ സൂരി സംവിധാനം ചെയ്ത ചിത്രത്തിലെ ചില രംഗങ്ങള്‍ മുറിച്ച് മാറ്റണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അങ്ങനെ ചെയ്യുന്നത് ചിത്രത്തിന്റെ ഉള്ളടക്കത്തെ ബാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു.
28 വയസുള്ള വടക്കേ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സന്തോഷ് എന്ന സ്ത്രീ തന്റെ പരേതനായ ഭര്‍ത്താവിന്റെ പൊലീസ് ജോലി ഏറ്റെടുക്കുകയും ഒരു പെണ്‍കുട്ടിയുടെ കൊലപാതക കേസ് അന്വേഷിക്കേണ്ടി വരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തില്‍ ഇന്ത്യന്‍ പൊലീസ് സേനയിലെ അതിക്രമങ്ങളും രാജ്യത്തെ ദളിതരും മുസ്‌ലിങ്ങളും നേരിടുന്ന വിവേചനവും വലിയ രീതിയില്‍ കാണിക്കുന്നുണ്ട്.
ഇതിനാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്. രാഷ്ട്രീയം പറയുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടുന്നതില്‍ സംവിധായിക നിരാശ പ്രകടിപ്പിച്ചു. വലിയ രീതിയിലുള്ള വിദ്വേഷമാണ് ഇത്തരം ചിത്രങ്ങള്‍ നേരിടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ഹിന്ദി ഭാഷയിലാണ് നിര്‍മിച്ചിരിക്കുന്നത്. ലഖ്‌നൗവിലാണ് ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സൂരി തന്നെയാണ്.
കാന്‍ ഫിലിം ഫെസ്റ്റിവലിലെ അണ്‍സെര്‍ട്ടേന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ നിന്നും ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി. ബാഫ്റ്റ അവാര്‍ഡില്‍ മികച്ച ബ്രിട്ടീഷ് ഡെബ്യൂട്ട് സംവിധായക, എഴുത്തുകാരി എന്നീ വിഭാഗത്തിലേക്ക് സൂരിക്ക് നാമനിര്‍ദേശവും ലഭിച്ചിരുന്നു
Content Highlight: Censor Board denies clearance for Santhosh Movie, which discusses brutality and Islamophobia in Indian police force