Kerala News
സിദ്ധിഖ് കാപ്പന്റെ വീട്ടിൽ അർധരാത്രിയിൽ പരിശോധനയുണ്ടാകുമെന്ന് അറിയിപ്പ്; പിന്നാലെ മാറ്റിവെച്ചു, വിശദീകരണവുമായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 13, 01:33 am
Sunday, 13th April 2025, 7:03 am

മലപ്പുറം: യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ വീട്ടിൽ ഇന്നലെ അര്‍ധരാത്രി 12മണിക്കുശേഷം പരിശോധനക്ക് എത്തുമെന്ന് അറിയിച്ചതിന് പിന്നാലെ പരിശോധന മാറ്റിവെച്ച് പൊലീസ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ട് പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തി പരിശോധനയുടെ കാര്യം അറിയിച്ചെന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. പിന്നാലെ വിശദീകരണവുമായെത്തിയിരിക്കുകയാണ് പൊലീസ്. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ പിന്നീട് പരിശോധന ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു രണ്ട് പോലീസുകാർ സിദ്ധീഖ് കാപ്പന്റെ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയത്. അർധരാത്രിയിൽ പരിശോധനയുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ കാപ്പന്റെ വക്കിൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ പൊലീസ് തയ്യാറായില്ലെന്നും കാപ്പാന്റെ പാങ്കാളി റെയ്ഹാന പറഞ്ഞു.

സുപ്രീം കോടതിയും ലഖ്‌നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിക്കുകയും, സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനെതിരെ ചുമത്തിയിട്ടുള്ളത്. ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോൺ വിളിച്ച് പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ സിദ്ദീഖ് കാപ്പന് യാതൊരു മടിയുമില്ല. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തിന്റെ പങ്കാളി റൈഹാനത്ത് ഫേസ്ബുക്കിൽ കുറിച്ചു.

‘വൈകീട്ട് ആറ് മണിയോടെ രണ്ട് പൊലീസുകാർ വീട്ടിൽ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരമില്ല.

ശേഷം കാപ്പന്റെ വക്കീൽ അഡ്വ. മുഹമ്മദ് ധനീഷ് കെ.എസ് വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും ഉത്തരങ്ങൾക്ക് വ്യക്തതയില്ല.

ബഹു: സുപ്രീം കോടതിയും ബഹു: ലഖ്‌നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യമനുവദിക്കുകയും, ബഹു: സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനുള്ളത്. ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോൺ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കാപ്പന് യാതൊരു മടിയുമില്ല താനും. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ല.
മനസ്സ് മരവിക്കുന്ന ഒരുപാട് രാത്രികളുടെ ഓർമ്മകളുടെ ഭാരം വഹിച്ച് ഈ രാത്രി കൂടി കടന്നു പോകുമായിരിക്കും, ഇന്ഷാ അല്ലാഹ്,’ റെയ്‌ഹാനത്ത് കുറിച്ചു.

കേരളത്തിൽ നിന്നുള്ള പത്രപ്രവർത്തകനാണ് സിദ്ധീഖ് കാപ്പൻ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കുറ്റം ചുമത്തി 2020 ഒക്ടോബറിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു . ഹത്രാസിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകവെയായിരുന്നു അദ്ദേഹം അറസ്റ്റിലായത്.

 

Content Highlight: Police announce midnight raid on Siddique Kappan’s house; later postponed, explanation provided