തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ കടത്തിയ കേസില്‍ അനുപമക്ക് കുഞ്ഞിനെ കൈമാറിയതില്‍ പ്രതികരിച്ച് വടകര എം.എല്‍.എ കെ.കെ.രമ.
സ്വന്തം കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങുമ്പോള്‍ യാഥാസ്ഥിതിക സദാചാര മൂല്യങ്ങളുടെ മേല്‍ നൈതിക ബോധ്യം നേടിയ മഹാ വിജയത്തിന്റെ നേര്‍ച്ചിത്രമാണ് നടന്നതെന്ന് അവര്‍ പറഞ്ഞു.
അവഹേളനങ്ങളും അപഖ്യാതികളും സ്വകാര്യതകളെ ഒട്ടും മാനിക്കാതെയുള്ള ആള്‍ക്കൂട്ട വിചാരണകള്‍ക്കും മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിന്ന ഒരു സ്ത്രീയുടെ ഇച്ഛാശക്തിയുടെ വിജയമാണിത്. സമര കേരളത്തിന്റെ ചരിത്രത്തിലെ അപൂര്‍വമായ അഭിമാന നിമിഷമാണിതെന്നും അവര്‍ പറഞ്ഞു.
‘ഒരു കാര്യം ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്. ശിശു സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അറിഞ്ഞും ആസൂത്രണം ചെയ്തും നിര്‍വഹിച്ച ഈ കുട്ടിക്കടത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികളും വെളിവാക്കപ്പെടണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം,’ കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങി വരുമ്പോള്‍ കെ.കെ.രമ കൂടെയുണ്ടായിരുന്നു. കുഞ്ഞിന് വേണ്ടി അനുപമയും അജിത്തും നടത്തിയ സമരപ്പന്തലിലും അവര്‍ സജീവമായിരുന്നു.
കോടതി നടപടിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറില്‍ വെച്ച് അനുപമക്ക് കുഞ്ഞിനെ കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിലാണ് ഇന്ന് കുഞ്ഞിനെ കൈമാറിയത്.
കുഞ്ഞിനെ തിരികെ കിട്ടിയതോടെ അനുപമ ഇപ്പോഴത്തെ സമരം അവസാനിപ്പിച്ചേക്കും. എന്നാല്‍ സമര രീതി മാറ്റി കേസിലെ കുറ്റക്കാര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയുന്നത്.
ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.